Skip to main content

പൊതുജനങ്ങള്‍ക്ക് വായ്പാ വിശദാംശങ്ങള്‍ ലഭ്യമാക്കി ക്രെഡിറ്റ് ഔട്ട് റീച്ച് പ്രോഗ്രാം:

 

ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ നിര്‍ദേശ പ്രകാരം വായ്പലഭ്യതക്കുള്ള മികച്ച ധനകാര്യ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ ബാങ്കുകള്‍ സംയുക്തമായി ക്രെഡിറ്റ് ഔട്ട് റീച് പ്രോഗ്രാം സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ വായ്പമേള ഉദ്ഘാടനം ചെയ്തു. വിവിധ വായ്പ പദ്ധതികളുടെ അനുമതി പത്രം ജില്ലാ കലക്ടര്‍ കൈമാറി. സാധാരണക്കാരായവര്‍ക്ക് വിവിധ ബാങ്ക് വായ്പകളുടെ വിശദാംശങ്ങള്‍ ഒരിടത്ത് നിന്ന് തന്നെ അറിയാനുള്ള സൗകര്യം ഒരുക്കിയത് വളരെ നല്ല കാര്യമാണെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. ക്രെഡിറ്റ് ഔട്ട് റീച് പ്രോഗ്രാമിലൂടെ അവരവര്‍ക്ക് യോജിച്ച വായ്പകള്‍ ഏതാണെന്ന് മനസിലാക്കാനുള്ള അവസരം ജനങ്ങള്‍ക്ക് ലഭിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനുള്ള നടപടികള്‍ നല്ല നിലയില്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. കനറാ ബാങ്ക് റീജിയനല്‍ ഹെഡ് ഷീബസഹജന്‍ അധ്യക്ഷയായി. കേരള ഗ്രാമീണ ബാങ്ക് ചെയര്‍മാന്‍ സി. ജയപ്രകാശ്, കോഡൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.എന്‍ ഷാനവാസ്, ജില്ലാ ലീഡ് മാനേജര്‍ പി.പി ജിതേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
 

ക്രെഡിറ്റ് ഔട്ട് റീച് പ്രോഗ്രാമിനോടനുബന്ധിച്ച് ജില്ലയിലെ ഇരുപതിലധികം ബാങ്കുകളുടെയും സാമ്പത്തിക സാക്ഷരത കേന്ദ്രം, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെയും സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. ബാങ്കുകളിലൂടെ ലഭ്യമായ വിവിധ വായ്പ പദ്ധതികള്‍, സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍, ഗവണ്‍മെന്റ് സ്‌പോണ്‌സേഡ് സ്‌കീം എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ സ്റ്റാളുകളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. തത്സമയ വായ്പാ അനുമതിയും നല്‍കി. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു ക്രെഡിറ്റ് ഔട്ട് റീച് പ്രോഗ്രാം.

date