Skip to main content

ജില്ലയിലെ മലയോര മേഖലകളിൽ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തും : മന്ത്രി എ കെ ശശീന്ദ്രൻ 

ജില്ലയിലെ മലയോര മേഖലകളിൽ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിയമസഭയിൽ പുതുക്കാട് മണ്ഡലത്തിൽ പെട്ട പാലപ്പിള്ളി, കരിക്കടവ്, എലിക്കോട്, ശാസ്‌താം പൂവം, കുണ്ടായി, ചിമ്മിനി, ഇഞ്ചക്കുണ്ട് തുടങ്ങിയ മലയോര മേഖലകളിൽ വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന കെ കെ രാമചന്ദ്രൻ എംഎൽഎയുടെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

എലിക്കോട് സ്പെഷ്യൽ സ്‌ക്വാഡ് ഔട്ട്പോസ്റ്റിൽ കൂടുതൽ വാച്ചർമാരെ നിയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.  മൊബൈൽ പാർട്ടി ജീവനക്കാരെ ആർ ആർ ടി മാതൃകയിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.  മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച ജനജാഗ്രത സമിതികൾ യഥാസമയം യോഗങ്ങൾ നടത്തി ജനങ്ങളെ ബോധവൽക്കരണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

കാട്ടാന ആക്രമണം മൂലം മരണപ്പെട്ട 6 പേരിൽ നാലുപേരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം  നൽകി. ബാക്കി നഷ്ടപരിഹാരത്തുക നൽകുന്നതിനുള്ള നടപടിയെടുത്തുവരുന്നു. മരണപ്പെട്ട മറ്റ് രണ്ട് പേരുടെ അവകാശികളെ സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു.

date