Skip to main content
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്

ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജ്ജിതം

 

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതുവരെ 81939 കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പെടുത്തു. ഒക്ടോബര്‍ ആറിന് ആരംഭിച്ച രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നവംബര്‍ മൂന്നിന് അവസാനിക്കും.

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കുമ്പോള്‍ പാലുല്പാദനം കുറയുമെന്നുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു. ഇക്കാരണത്താല്‍ ചില ക്ഷീരകര്‍ഷകര്‍ കുത്തിവെപ്പ് എടുക്കുന്നതിന് വിമുഖത കാണിക്കുന്നുണ്ട്. എന്നാല്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കന്നുകാലികള്‍ക്ക് രോഗം ബാധിച്ചാല്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

നാലു മാസം മുതല്‍ പ്രായമുള്ള കന്നുകാലികള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നുണ്ട്. ഗര്‍ഭിണികളായ പശുക്കളെ കുത്തിവെപ്പില്‍ നിന്നും ഒഴിവാക്കും. ജില്ലയില്‍ 176695 പശുക്കളെ  കുത്തിവെയ്ക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ തലത്തില്‍ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് കന്നുകാലികള്‍ക്ക് സൗജന്യമായി വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനേഷന് തയ്യാറാകാത്ത ക്ഷീരകര്‍ഷകര്‍ക്ക് ബന്ധപ്പെട്ട മൃഗാശുപത്രിയിലെ ഡോക്ടര്‍ നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ച് മൂന്നുദിവസത്തിനകം കുത്തിവെയ്പ് എടുത്തില്ലെങ്കില്‍ കന്നുകാലിയുടെ ഉടമയ്‌ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

നവംബര്‍ മൂന്നിനകം 100% പ്രതിരോധം സജ്ജമാക്കുകയാണ് ലക്ഷ്യം. കുത്തിവെപ്പിന് വിധേയമാകുന്ന എല്ലാ മൃഗങ്ങള്‍ക്കും 12 അക്ക തിരിച്ചറിയല്‍ ടാഗുകള്‍ നല്‍കുന്നുണ്ട്. മൃഗങ്ങളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കി ക്ഷീരകര്‍ഷകര്‍ കുളമ്പുരോഗ പ്രതിരോധത്തില്‍ പങ്കാളികളാകണമെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date