Skip to main content

ഇ- ശ്രാം രജിസ്‌ട്രേഷന്‍: പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പ്

 

നവംബര്‍ മൂന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം

ജില്ലയില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ഇ- ശ്രാം രജിസ്‌ട്രേഷനായി നവംബര്‍ മൂന്ന് മുതല്‍ പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തും. ഇ ശ്രാം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായാണ് ഇ- ശ്രാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇ- ശ്രാം പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ 16-നും 59-നും ഇടയില്‍ പ്രായമുളള ഇ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഇല്ലാത്തവരും ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തവരുമായ എല്ലാ തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ദേശസാല്‍കൃത ബാങ്കിന്റെ പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് ഇ- ശ്രാം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കും. അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയാണ് രജിസ്‌ട്രേഷന്‍ നടന്നു വരുന്നത്. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പഞ്ചായത്തുകളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രജിസ്‌ട്രേഷനായി സമയക്രമം നിശ്ചയിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ എ ഷാജു, ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍)എം മനോജ്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ക്ഷേമനിധി ബോര്‍ഡ്, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date