അക്ഷരദീപങ്ങള്‍ പ്രഭ ചൊരിഞ്ഞു; വായന പക്ഷാചരണത്തിന് പ്രൗഢഗംഭീര തുടക്കം
കൊച്ചി: മലയാളം കാണാന്‍ വായോ, മാമലകള്‍ കാണാന്‍ വായോ, മഴ പെയ്യും നേരം പുഴയുടെ മയിലാട്ടം കാണാന്‍ വായോ... ജീവിതത്തെ മുഴുവന്‍ ശുദ്ധീകരിക്കുകയും ഊര്‍ജസ്വലമാക്കുകയും ചെയ്യുന്ന വായനയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് വായന പക്ഷാചരണത്തിന് പ്രൗഢഗംഭീര തുടക്കം. സത്യചന്ദ്രന്‍ പൊയില്‍ക്കാവ് രചിച്ച് വി.കെ. ശശിധരന്‍ മാഷ് ഈണമിട്ട പാട്ടുമാടം ഗായകസംഘത്തിന്റെ ഗാനാലാപത്തോടെയാണ് പറവൂര്‍ നന്ത്യാട്ടുകുന്നം എസ് എന്‍ വി എച്ച് എസ് എസില്‍ നടന്ന വായനദിനാചരണത്തിന്റെയും വായന പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. ഭാഷയിലെയും സാഹിത്യത്തിലെയും മഹാരഥന്‍മാരുടെ ജീവിത വായനയിലൂടെ പുരോഗമിച്ച ചടങ്ങ് കുട്ടികള്‍ക്ക് പ്രചോദനമേകി. കവി എസ്. രമേശന്‍ വായനദിനാചരണവും പക്ഷാചരണവും ഉദ്ഘാടനം ചെയ്തു.
പറവൂരിന്റെ ചരിത്രത്തില്‍ പ്രഭ ചൊരിഞ്ഞ മഹദ് വ്യക്തിത്വങ്ങളായ കെടാമംഗലം പപ്പുക്കുട്ടി, പി. കേശവദേവ്, പണ്ഡിറ്റ് കറുപ്പന്‍, കേസരി ബാലകൃഷ്ണ പിള്ള, സഹോദരന്‍ അയ്യപ്പന്‍ എന്നിവരുടെ പ്രതിഭയുടെ തിളക്കവും ഭാഷയുടെ മാധുര്യവും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതായി ഉദ്ഘാടന ചടങ്ങ്.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍െയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വായനപക്ഷാചരണത്തിന്റെ ഭാഗമായി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ വായനശാലയ്ക്കു മുന്നില്‍ നിന്നാരംഭിച്ച അക്ഷരയാത്ര പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഫ്‌ളാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പറവൂര്‍ മേഖലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നൂറോളം കുട്ടികള്‍ ഘോഷയാത്രയില്‍ അണിനിരന്നു. പി.എന്‍. പണിക്കര്‍, ഒ.എന്‍.വി കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീര്‍, കേസരി ബാലകൃഷ്ണപിള്ള, ഐ.വി. ദാസ്, തുടങ്ങിയവരുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് കുട്ടികള്‍ നീങ്ങിയത്. തേക്കില പോലുള്ള വലിയ ഇലകളില്‍ മലയാള അക്ഷരങ്ങള്‍ എഴുതി വന്നതും ഘോഷയാത്രയെ വ്യത്യസ്തമാക്കി.
ഉദ്ഘാടന വേദിയായ നന്ത്യാട്ടുകുന്നം എസ്.എന്‍.വി.എച്ച്.എസ്.എസിലെത്തിയ ഘോഷയാത്രയെ പുസ്തകത്താലമേന്തിയ വിദ്യാര്‍ഥികള്‍ വരവേറ്റു. പൂര്‍ണ്ണമായും ഹരിത പെരുമാറ്റചട്ടം പാലിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത അതിഥികള്‍ക്ക് തുണിസഞ്ചിയില്‍ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. വേദിയില്‍ തയ്യാറാക്കിയ കുരുത്തോല വിളക്കുകളില്‍ അതിഥികള്‍ ഭദ്രദീപം തെളിയിച്ചു.
ഗ്രന്ഥശാല പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച വായനയുടെ വെളിച്ചം നാം ഏറ്റെടുക്കണമെന്ന് പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍ സുരേന്ദ്രന്‍ പറഞ്ഞു. സ്വയം തിരിച്ചറിയുന്ന വായനയാണ് കുട്ടികള്‍ നടത്തേണ്ടത്. സ്വന്തം കഴിവുകള്‍, സ്വപ്നങ്ങള്‍, അഭിരുചികള്‍ ഇതെല്ലാം വായിക്കണം. പ്രകൃതിയെക്കുറിച്ചുള്ള വായനയും വേണം. വിവരാധിഷ്ഠിതമായ വായനകൊണ്ടേ നല്ല മനുഷ്യാനാകാന്‍ കഴിയൂ. മനുഷ്യാവസ്ഥയെ അറിയുന്ന വായനയാണ് വേണ്ടത്. ലോകത്തെ മാറ്റിത്തീര്‍ക്കുന്ന പുതിയ മാനവികതയ്ക്കു വേണ്ടിയുള്ള വായന വേണമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ മാനേജര്‍ ഹരി വിജയന്‍ അക്ഷര സന്ദേശം നല്‍കി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ച്ച മനോജ്, ഭിന്നശേഷിയെ വായനകൊണ്ട് മറികടന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നമിത എന്നിവര്‍ വായനാനുഭവം പങ്കുവച്ചു. വായനാ ദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ ഇരുന്നൂറോളം പുസ്തകങ്ങള്‍ അണിനിരത്തി പുസ്തക പ്രദര്‍ശനവും നടന്നു. ആശാന്റെ പദ്യകൃതികള്‍, കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളം, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, ബഷീര്‍ സമ്പൂര്‍ണ കൃതികള്‍, ഈസോപ്പ് കഥകള്‍, നാടോടി കഥകള്‍ തുടങ്ങി മലയാളത്തിലെ നിരവധി പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മഹാശ്വേതാ ദേവി, കെ.സി ചൗധരി, അരുന്ധതി റോയ്, ഡോ. എ.പി.ജെ അബ്ദുള്‍ കലാം എന്നിവരുടെ പുസ്തകങ്ങളും ഷേക്‌സ്പിയര്‍, ജെയ്ന്‍ ഓസ്റ്റിന്‍ തുടങ്ങിയവരുടെ ഇംഗ്ലീഷ് കൃതികളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. അക്ഷരവൃക്ഷ തണലിലിരുന്ന് ആകാശം കാണുമെന്ന പാട്ടുമാടം ഗായകസംഘത്തിന്റെ ഗാനത്തോടെ പരിപാടിക്ക് സമാപനമായി. പപ്പുക്കുട്ടി മെമ്മോറിയല്‍ വായനശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുവകൈരളിയുടെ സെക്രട്ടറി അന്‍വിന്‍ കെടാമംഗലത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗാനങ്ങള്‍ ആലപിച്ചത്.
ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ആര്‍ രഘു അധ്യക്ഷത വഹിച്ചു. പറവൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.വി അജിത് കുമാര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. രമാദേവി, എഇഒ കെ.എന്‍. ലത, പറവൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ ടി.വി നിഥിന്‍, സി.പി. ജയന്‍, എസ്.എന്‍.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് പി.ആര്‍ ലത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments