Skip to main content

മുല്ലപ്പെരിയാര്‍: ആശങ്കയ്ക്ക് സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍, തമിഴ്‌നാട് ചീഫ് എന്‍ജിനീയര്‍ ഇന്ന് (31) തേക്കടിയിലെത്തും

 

മുല്ലപ്പെരിയാറില്‍ നിന്ന് 7000 ഘന അടി ജലം വരെ തുറന്നു വിട്ടാല്‍ പോലും സുരക്ഷിതമായി തുടരുന്നതിനുള്ള ക്രമീകരണമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്  കൃഷി മന്ത്രിയ്‌ക്കൊപ്പം മുല്ലപ്പെരിയാര്‍ സര്‍ശിച്ച ശേഷം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ തേക്കടി കെ റ്റി ഡി സി ആരണ്യ നിവാസില്‍ മാധ്യമങ്ങളോട് പറഞ്ഞു. 2974 ഘന അടി ജലമാണ് ഇപ്പോള്‍ സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നത്. 2360 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് 138.85 അടിയായി കുറഞ്ഞിട്ടുമുണ്ട്. മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച് സ്ഥിതി നേരിട്ട് കണ്ട് വില്ലയിരുത്തിയ ശേഷം വള്ളക്കടവ് വരെയുള്ള സ്ഥലങ്ങളിലെ ജലവിതാനവും ദിവസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. വരുന്ന ദിവസങ്ങളിലും പരിശോധന തുടരും. പുഴയിലെ മുന്നറിയിപ്പ് (വാണിങ്ങ് ലെവല്‍ ) നിരപ്പിലേക്ക് ഒരു മീറ്ററും അപായ (ഡേഞ്ചര്‍) നിരപ്പിലേക്കെത്താന്‍ രണ്ട് മീറ്ററും ജലനിരപ്പുയരണം. റൂള്‍ കര്‍വ് 138 അടിയിലേക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഉന്നാതിധികാര സമിതിയേയും സുപ്രീം കോടതിയേയും അറിയിക്കും. മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ.രാജനും കൃത്യമായ ഇടവേളകളില്‍ ഫോണില്‍ വിളിച്ച് സ്ഥിതിഗതി അന്വേഷിക്കുന്നുണ്ട്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍  സംസ്ഥാന സര്‍ക്കാര്‍ വിഷയത്തിന് നല്‍കുന്ന പ്രാധാന്യവും ഗൗരവവും പിന്തുണയും സന്തോഷകരമാണ്. തമിഴ്‌നാട് പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ കൃഷ്ണന്‍ ഇന്ന് തേക്കടിയിലെത്തി തുടര്‍ നടപടി ചര്‍ച്ച നടത്തും. മുല്ലപ്പെരിയാര്‍ നിരീക്ഷണത്തിന് ജലസേചന വകുപ്പ് ബോട്ട് ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെ കാണുന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്ന നിലയില്‍ സന്ദര്‍ശനത്തിനെത്തിയതെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ജലനിരപ്പ് റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് എത്തിക്കേണ്ടതായിരുന്നു. എന്നാല്‍ എത്തിച്ചിട്ടില്ല. കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ച് തമിഴ്‌നാടിന്റെ കാര്‍ഷിക ആവശ്യത്തിന് വെളളം നല്‍കുന്നതിന് കേരളം എതിരല്ലെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

 ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ (ഐ എസ് ഡബ്ലുയു) അലക്‌സ് വര്‍ഗീസ് , ഇടുക്കി ചെറുകിട ജലസേചന എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.പി.ഹരികുമാര്‍ തുടങ്ങിയവര്‍ മന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

 

date