Skip to main content

കൃഷി നാശനഷ്ടം സാധ്യമായ എല്ലാ സഹായങ്ങളും  സര്‍ക്കാര്‍ നല്‍കും : മന്ത്രി പി  പ്രസാദ്

 

സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സാധ്യമായ രീതിയില്‍ ഉള്ള എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്‍കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കൂട്ടിക്കല്‍ ഉള്‍പ്പെടെ ഇടുക്കി, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ  വിവിധ പ്രദേശങ്ങളില്‍ കൃഷി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം  സന്ദര്‍ശിച്ചു. കൊക്കയാര്‍ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തുകയുണ്ടായി. പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്‍, കാഞ്ഞിരപ്പള്ളി എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എന്നിവരും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

 കോട്ടയം, ഇടുക്കി ജില്ലകളില്‍ കഴിഞ്ഞ ഒരു മാസക്കാലത്തെ മഴയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി സൂചിപ്പിച്ചു. കൃഷിഭൂമി  തന്നെ നഷ്ടപ്പെട്ടുപോയ സംഭവങ്ങള്‍ പലയിടങ്ങളിലും ഉണ്ട്. കൃഷിനാശത്തിന്റെ  കൃത്യ മായ കണക്കെടുപ്പ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും  മന്ത്രി സൂചിപ്പിച്ചു. കൃഷി നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായോ, അക്ഷയകേന്ദ്രങ്ങള്‍ ,കൃഷിഭവനുകള്‍ എന്നിവ മുഖേനയോ  രേഖപ്പെടുത്തുന്നതിനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനും   സൗകര്യമുണ്ട്.

കൃഷിനാശമുണ്ടായി 10 ദിവസത്തിനകം തന്നെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ബന്ധപ്പെട്ട അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് 30  ദിവസത്തിനകം തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി അര്‍ഹമായ ആനുകൂല്യത്തിനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് കൈമാറുന്നതായിരിക്കും എന്നും മന്ത്രി പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിട്ടുണ്ട്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കൃഷിവകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.    കൂടാതെ കൃഷി മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

 മണ്ണിടിച്ചിലിലും, ഉരുള്‍പൊട്ടലിലും കൃഷി ഭൂമിക്കുണ്ടായ കേടുപാടുകള്‍ തീര്‍ത്ത് അവയെ പൂര്‍വ നിലയില്‍ ആക്കുന്നതിന് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായിരിക്കും. മണ്ണു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ആലോചിച്ചു തീരുമാനിക്കും. തൊഴിലുറപ്പ് പദ്ധതിയെ ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുന്നതിനുള്ള  സാധ്യത സര്‍ക്കാര്‍തലത്തില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

 കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍  സോമന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രാഥമിക കണക്ക് പ്രകാരം ഇടുക്കി ജില്ലയില്‍ 281 ഹെക്ടര്‍ കൃഷി ഭൂമിയാണ് നശിച്ചിട്ടുള്ളത്. 9.20 കോടിരൂപയുടെ നാശനഷ്ടവും കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇടുക്കിജില്ലയിലെ അമലഗിരി, നിര്‍മലഗിരി, നാരകം പുഴ, പൂവഞ്ചി,  കൊടികുത്തി എന്നീ പ്രദേശങ്ങളും മന്ത്രിയും സംഘവും സന്ദര്‍ശിച്ചു.

 

date