Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 30-10-2021

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ  യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്പ. പ്രായം18 നും 55 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. ആറ് ശതമാനം പലിശ നിരക്കില്‍ തുക 60 തുല്യ മാസ ഗഡുക്കളായി വായ്പാ തുക തിരിച്ചടക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9446778373.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ അഞ്ചിന്

ബയോ ടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍  നടത്തുന്ന താല്‍കാലിക ഗവേഷണ പ്രോജെക്ടിലേക്ക് ഡാറ്റ മാനേജര്‍, ക്യു എ അനലിസ്റ്റ്, ലാബ് ടെക്നിഷ്യന്‍ (ഫെബ്ലോടോമിസ്റ്റ്) എന്നിവര്‍ക്കായി അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം നവംബര്‍ അഞ്ചിന് രാവിലെ 9.30 ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.

അപേക്ഷ ക്ഷണിച്ചു

പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് കീഴില്‍ ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പുതിയ ഖാദി വില്‍പനശാലകള്‍ ഏജന്‍സി വ്യവസ്ഥയില്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  പാര്‍ക്കിങ്ങ് സൗകര്യത്തോടുകൂടിയ 1000 ചതുരശ്ര അടി വിസ്തൃതിയുള്ള കടമുറി ഉളളവര്‍ക്ക് അപേക്ഷിക്കാം. സ്വന്തമായ സ്ഥലസൗകര്യമുള്ളവര്‍ക്കും പ്രവാസികള്‍ക്കും മുന്‍ഗണന.  ഫോണ്‍: 04985 202310.

വാഹന ലേലം

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിന്റെ ഉടമസ്ഥതയിലുള്ള 1997 മോഡല്‍ അംബാസിഡര്‍ കാര്‍ (കെഎല്‍ 13/സി 8307) ഡിസംബര്‍ 16 ന് ഉച്ചക്ക് 2.30ന് കോളേജില്‍ ലേലം ചെയ്യും. ലേലത്തോടൊപ്പം ടെന്‍ഡറുകള്‍ ഡിസംബര്‍ 15ന് വൈകിട്ട് മൂന്നു മണി വരെ സ്വീകരിക്കും. ഫോണ്‍: 0497 2800167.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

കേരള തീരത്ത് നവംബര്‍ മൂന്നുവരെ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍  ശക്തമായ കാറ്റിനും, മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ലന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

മുഴപ്പിലങ്ങാട്  ഗ്രാമ പഞ്ചായത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി നവംബര്‍ 15ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് മീറ്റിങ്ങ് ഹാളില്‍ വാക്ക് ഇന്റര്‍വ്യൂ നടത്തും. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പാസായിരിക്കണം. പ്രായം 2021 ജനുവരി ഒന്നിന് 18 നും 30നും മധ്യേ. പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2832055.

താല്‍ക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ അനസേ്തഷ്യനിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിങ്ങ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍സ്, കൗണ്‍സലര്‍ (എന്‍ എം എച്ച് പി) ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റേഡിയോഗ്രാഫര്‍, ജെ പി എച്ച് എന്‍, ഒ ടി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലികലിക നിയമനത്തിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങള്‍ അറിയുന്നതിനുമായി www.nhmkannur.in സന്ദര്‍ശിക്കുക. അപേക്ഷ നവംബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ഫോണ്‍: 0497 2709920.

അധ്യാപക നിയമനം

തളിപ്പറമ്പ്  ടാഗോര്‍ വിദ്യാനികേതന്‍ ജി വി എച്ച് എസ് എസില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ ഒഴിവുളള എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം നവംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍  നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോണ്‍: 9447853021.

ജില്ലാതല പ്രവേശനോത്സവം ചെറുതാഴത്ത്

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് ചെറുതാഴം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
 

date