ജില്ല ഒരുങ്ങി; വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക്
ആലപ്പുഴ : നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലയിലെ സ്‌കൂളുകള്‍ ഒരുങ്ങി. ഹൈസ്‌കൂള്‍, യു.പി, എല്‍.പി വിഭാഗങ്ങളിലായി ജില്ലയില്‍ 770 സ്‌കൂളുകളാണുള്ളത്. ഇതില്‍ വെള്ളപ്പൊക്ക ബാധിത മേഖലയായ കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകള്‍ ഒഴികെ 720 ഇടത്ത് നവംബര്‍ 1 ക്ലാസ് തുടങ്ങും.
ഇതിനു പുറമെ 121 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 21 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കുട്ടികളെത്തും.
സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ക്ലാസ് നടത്തുക. അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും ഉറപ്പാക്കിയിട്ടുണ്ട്. സൗകര്യങ്ങള്‍ കുറവുള്ള ക്ലാസ്മുറികള്‍ക്കു പകരം സംവിധാനം ഏര്‍പ്പെടുത്തി. കോവിഡ് പ്രതിരോധ മുന്‍കരുതലുകളോടെ ക്ലാസുകള്‍ നടത്തുന്നതിന് അധ്യാപകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളും സന്നദ്ധ പ്രവര്‍ത്തകരും അധ്യാപകരും രക്ഷിതാക്കളുമൊക്കെ തയ്യാറെടുപ്പുകളില്‍ സജീവമായി പങ്കുചേര്‍ന്നു.
ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി സ്‌കൂളുകളില്‍ ഇന്ന്(ഒക്ടോബര്‍ 31) വൈകുന്നേരം ദീപാലങ്കാരമൊരുക്കും. എല്ലാ ക്ലാസുകളിലും ഒരു സമയം പകുതി വിദ്യാര്‍ഥികള്‍ മാത്രം ഹാജരാകുന്ന വിധമാണ് ക്രമീകരണം. ശനിയാഴ്ച്ചയും ക്ലാസുണ്ടാകും.
അധ്യാപകര്‍ക്കും സ്‌കൂളുകളിലെ മറ്റു ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കോവിഡ് പ്രതിരോധ ബോധവത്കരണം നടത്തുന്നതിന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. മാവേലി സ്‌റ്റോറുകളില്‍ നിന്നാണ് അരിയും ഭക്ഷ്യവസ്തുക്കളും സ്‌കൂളുകളില്‍ എത്തിച്ചു നല്‍കുന്നത്. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനും ക്ലാസ്മുറികള്‍ അണുവിമുക്തമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. ഷൈല പറഞ്ഞു.
- Log in to post comments