Skip to main content

പത്താം തരം തുല്യതാ പരീക്ഷ: ജില്ലയില്‍ 96 ശതമാനം വിജയം

വിജയികളില്‍ 75കാരനും

ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷയില്‍ ജില്ലയില്‍ 96 ശതമാനം വിജയം. 11 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 427 പേരില്‍ 410 പേര്‍ വിജയിച്ചു. ഇതില്‍ 255 പേര്‍ സ്ത്രീകളാണ്. 

പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള 63 പേരും പട്ടികവര്‍ഗ വിഭാഗക്കാരായ രണ്ടു പേരും വിജയിച്ചു. യഥാസമയം പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയവര്‍ക്കായാണ് പരീക്ഷ നടത്തിയത്.

അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ എഴുപത്തിയഞ്ചുകാരന്‍ പി.ഡി. ഗോപിദാസ്  മൂന്ന് വിഷയങ്ങള്‍ക്ക് എ പ്ലസ് ഉള്‍പ്പെടെ മികച്ച വിജയം നേടി. ഏറ്റവും മുതിര്‍ന്ന പഠിതാവും ഇദ്ദേഹമാണ്.

കായംകുളം ഗവണ്‍മെന്റ് സ്‌കൂളില്‍ പരീക്ഷ എഴുതിയ ലുബൈന (18) യാണ് വിജയികളിലെ ബേബി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനില്‍ പഠിച്ചാണ് എല്ലാവരും പരീക്ഷയെഴുതിയത്. 

വിജയികളെ ജില്ലാ സാക്ഷരതാ സമിതി ചെയര്‍പേഴ്‌സണായ 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അഭിനന്ദിച്ചു. 

ദമ്പതികള്‍ക്കും വിജയമധുരം

ആലപ്പുഴ: അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയ ദമ്പതികള്‍ മിന്നും വിജയം നേടി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് മായാ സദനത്തില്‍ മഹേശനും ഭാര്യ മായയുമാണ് ഒന്നിച്ചു പത്താംതരം കടന്നത്. 

മായ ആറ് വിഷയങ്ങള്‍ക്കും മഹേശന്‍ അഞ്ച് വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഹരിപ്പാട് ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ പരീക്ഷ എഴുതി വിജയിച്ച രോഹിണി സിദ്ധാര്‍ത്ഥ് സാക്ഷരതാ മിഷന്‍ വഴി നാലാം തരവും ഏഴാം തരവും വിജയച്ചാണ് പത്താം തരം പരീക്ഷയ്ക്ക് യോഗ്യത നേടിയത്. 

date