വിനോദസഞ്ചാര വികസനത്തിന് പിന്തുണ നല്‍കുമെന്ന് കേന്ദ്ര മന്ത്രി വലിയഴീക്കല്‍ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: വലിയഴീക്കലിനെ വിനോദസഞ്ചാര മേഖലയായി ഉയര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണയേകുമെന്ന് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. വലിയഴീക്കലില്‍ നിര്‍മിച്ച ലൈറ്റ് ഹൗസിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കടലും കായലും ഒന്നിച്ചു ചേരുന്ന ഈ സ്ഥലത്തെ വിനോദസഞ്ചാര വികസനത്തിന് വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകണം. നാവികര്‍ക്കും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ക്കും സുരക്ഷിത കടല്‍യാത്രയ്ക്ക് പുതിയ ലൈറ്റ് ഹൗസ് സഹായകമാകും. സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവത്തിന്‍റെ ഭാഗമായി രാജ്യത്ത് 75 ലൈറ്റ് ഹൗസുകളാണ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലൈറ്റ് ഹൗസിലെ ലൈറ്റ് തെളിയിക്കല്‍ കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു.
അഞ്ചു വശങ്ങളോടു കൂടിയ (പെന്റഗണ്‍) രാജ്യത്തെ ആദ്യ ലൈറ്റ് ഹൗസും കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ ലൈറ്റ് ഹൗസുമാണ് വലിയഴീക്കലിലേത്. കരയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ (51 കിലോമീറ്ററോളം) ദൂരം വരെ പ്രകാശ സൂചന ലഭിക്കും. ലൈറ്റ് ഹൗസിനുള്ളില്‍ ലിഫ്റ്റ് സൗകര്യവുമുണ്ട്.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് ഡയറക്ടറേറ്റിനാണ് ചുമതല.
ചടങ്ങില്‍ എ.എം. ആരിഫ് എം.പി, രമശ് ചെന്നിത്തല എം.എല്‍.എ, ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് ഡയറക്ടര്‍ ജനറല്‍ എന്‍. മുരുകാനന്ദം തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments