Skip to main content

ദീപപ്രഭയില്‍ സ്കൂളുകള്‍; ക്ലാസ് മുറികള്‍  നാളെ ഉണരും

ക്ലാസ് മുറികള്‍ വീണ്ടും സജീവമാകുകയാണ്.  ഓണ്‍ലൈന്‍ കാലത്തിനുശേഷം അധ്യാപകരും വിദ്യാര്‍ഥികളും നാളെ (നവംബര്‍ 1) ആദ്യമായി നേരില്‍ കാണും. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ നാളുകള്‍ മറികടന്ന് ആലപ്പുഴ ജില്ലയിലെ  745  സ്കൂളുകളില്‍ നാളെ ക്ലാസുകള്‍ തുടങ്ങും.

ജില്ലയില്‍ ആകെയുള്ള 770 സ്കൂളുകളില്‍  കുട്ടനാട് താലൂക്കിലെ 50 സ്കൂളുകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഇവയില്‍ 25 സ്കൂളുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. 

ഇതിനു പുറമെ 121 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 21 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും നാളെ  തുറക്കും.

എല്ലാ സ്കൂളുകളിലും അവസാനവട്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം ക്ലാസ് തുടങ്ങുന്നത് ആഘോഷമാക്കി പല സ്കൂളുകളിലും  ഒക്ടോബര്‍ 31 രാത്രി ദീപാലങ്കാരമൊരുക്കി. 

എല്ലാ സ്കൂളുകളിലും ക്ലാസുകൾ, ലാബുകൾ, ശുചിമുറികൾ, പാചകപ്പുര എന്നിവയുടെ ഉപയോഗക്ഷമത പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. കുടിവെള്ള ടാങ്കുകള്‍ ശുചീകരിച്ചു. സ്കൂള്‍ പരിസരത്തെ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റുകയും കാടുവെട്ടിത്തെളിക്കുകയും ചെയ്തു. ക്ലാസ് മുറികളില്‍ അണുനശീകരണം നടത്തി. 

തദ്ദേശ സ്ഥാപനങ്ങളും  സന്നദ്ധ സംഘടനകളും നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാരും രാഷ്ട്രീയ പാർട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും തയ്യാറെടുപ്പുകളില്‍ പങ്കുചേര്‍ന്നു. 

എല്ലാ സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് എല്ലാ സ്കൂളുകളിലും ഹെല്‍പ്പ് ഡസ്കുകള്‍ പ്രവര്‍ത്തിക്കും.  സ്കൂളുകളിൽ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ സംബന്ധിച്ച പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പനി പരിശോധനയ്ക്കും സാനിറ്റൈസേഷനുമുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ വിവിധ സ്കൂളുകളില്‍ സന്ദര്‍ശനം നടത്തി തയ്യാറെടുപ്പുകള്‍ വിലയിരുത്തി. ആലപ്പുഴ ഉപജില്ലാതല ഹെൽപ് ഡെസ്കിന്‍റെ പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 

നാളെ രാവിലെ പത്തിന് ആലപ്പുഴ ഉപജില്ലാതല പ്രവേശനോത്സവം പുന്നപ്ര ജെ.ബി.എസ് സ്കൂളില്‍ ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. തുടര്‍ന്ന് തീരദേശ മേഖലയിലെ വിവിധ സ്കൂളുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും.

date