Skip to main content

മുല്ലപ്പെരിയര്‍: റൂള്‍ കര്‍വ് നിരപ്പ് നിലനിര്‍ത്താന്‍ ജലം തുറന്നു വിട്ടാലും മുന്നൊരുക്കം സുസജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

 

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റൂള്‍ കര്‍വ് നിരപ്പായ 138 അടിയില്‍ ജല നിരപ്പ് പിടിച്ചു നിര്‍ത്താന്‍ മുല്ലപ്പെരിയാറില്‍ നിന്ന് ജലമൊഴുക്കിയാലും സുരക്ഷിതമായിരിക്കാനുള്ള മുന്നൊരുക്കം ജില്ലയില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. തേക്കടി പെരിയാര്‍ ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പഞ്ചായത്ത് ജാഗ്രതാ സമിതികള്‍ ബോധവല്‍ക്കരണത്തിന് രംഗത്തുണ്ട്. എന്‍ ഡിആര്‍ എഫ്, പോലീസ് ഫയര്‍ഫോഴ്‌സ് എന്നിവര്‍ കൂടുതല്‍ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ക്യാമ്പുകളായുളളത് പുഴയുടെ സമീപമുള്ളതാണെങ്കില്‍ ആളുകളെ മാറ്റി ഒന്നാം തീയതി സ്‌കൂള്‍ തുറക്കേണ്ടതില്ല. കുട്ടികളുടെ സുരക്ഷയ്ക്കു കൂടി വേണ്ടിയാണിത്. തമിഴ്‌നാട് ജലനിരപ്പ് ഉയരുന്നതിന്റെ കൃത്യമായ ജാഗ്രതാ നിര്‍ദ്ദേശം മുന്‍കൂട്ടി നല്‍കുന്നുണ്ട്. തുറക്കുന്നതിന് മുന്‍പ് അനുമതിയും തേടുന്നുണ്ട്. നമ്മുടെ നിലപാട് അംഗീകരിച്ച് തമിഴ്‌നാട് സഹകരിക്കുന്നുണ്ട്. വൈകിട്ട് ആറു മണിക്ക്1299 ക്യു സെക്‌സ്  വെള്ളം തുറന്നുവിടുന്നത് നാലു മണിക്കാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നാലു മണിക്ക് തന്നെ കുടുതല്‍ ഷട്ടര്‍ തുറന്നതെന്നും മന്ത്രി പറഞ്ഞു.

ഡീന്‍ കുര്യാക്കോസ് എം.പി, വാഴൂര്‍ സോമന്‍ എം എല്‍ എ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിച്ചന്‍ നിറനാക്കുന്നേല്‍, അഴുത ബ്ലോക്ക് പ്രസിഡന്റ് പി.എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ജോസുകുട്ടി കണ്ണമുണ്ടേല്‍, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, കുമളി, അയ്യപ്പന്‍കോവില്‍,  കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാര്‍, ജലസേചന ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ് ജില്ലാതല  നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

date