Skip to main content

മലയാള ദിനവും ഭരണഭാഷാ വാരാഘോഷവും ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും

 

നവംബര്‍ ഒന്ന് മലയാള ദിനമായും ഏഴു വരെയുള്ള ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാ തല ഇദ്ഘാടനം തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനശേഷം ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷ ചെല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്യും. ജില്ലയുടെ ചുമതലയുള്ള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി മലയാള ദിന സന്ദേശം നല്‍കും. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ സംബന്ധിക്കും. മലയാളത്തില്‍ മികച്ച ഫയല്‍ തയ്യാറാക്കിയിട്ടുള്ളവര്‍ക്ക് ഭരണ ഭാഷാ സമ്മാനം വാരാചരണ സമാപനത്തിന് നല്‍കും. ഇദ്ഘാടന യോഗത്തില്‍ ജീവനക്കാര്‍ക്ക് കേരള ഗാനം ആലപിക്കാം. മലയാളം ഭരണ ഭാഷയുടെ നേട്ടം എന്ന വിഷയത്തില്‍ 11 മണിക്ക് വെബിനാര്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തും. പ്രശസ്ത സാഹിത്യകാരന്‍ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. മുരിക്കാശ്ശേരി പാവനാത്മ കോളേജ് അദ്ധ്യാപകന്‍ പ്രഫ. സന്തോഷ് ജോര്‍ജ് വിഷയം അവതരിപ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍ സ്വാഗതം ആശംസിക്കും. അസി. എഡിറ്റര്‍ എന്‍.ബി ബിജു നന്ദി പറയും. വിവിധ വകുപ്പ് ജീവനക്കാര്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, സാക്ഷരാത പ്രവര്‍ത്തകര്‍, സന്നദ്ധ സംഘനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാരാചരണ കാലയളവായ നവംബര്‍ ഏഴു വരെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരളഗാനം, 'മലയാളം ഭരണഭാഷയായാല്‍' എന്ന വിഷയത്തില്‍ ഉപന്യാസ മത്സരവും ഒണ്‍ലൈനില്‍ സംഘടിപ്പിക്കും. ഉപന്യാസം മൂന്ന് ഫുള്‍സ്‌കാപ് പേജ് കവിയാന്‍ പാടില്ല. ഉപന്യാസത്തോടൊപ്പം പ്രധാന അദ്ധ്യാപകന്റെ വിദ്യാര്‍ത്ഥിയെന്നുള്ള സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം. എന്‍ട്രികള്‍ iprdidukki@gmail.com എന്ന വിലാസത്തിലേക്ക് നവംബര്‍ ആറിനകം അയക്കണം.

date