Skip to main content

പത്താം ക്ലാസ് പരീക്ഷയിൽ ഒരുമിച്ച് വിജയം നേടി ദമ്പതികൾ

 

പ്രായത്തെ മറികടന്ന് സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയിരിക്കുകയാണ് വടവാതൂർ സ്വദേശികളായ കൃഷ്ണകുമാർ - മഞ്ജുള ദമ്പതികൾ.

50 വയസുള്ള കെ ജി കൃഷ്ണകുമാർ ഓട്ടോ ഡ്രൈവറാണ്. 46 വയസുണ്ട് മഞ്ജുളയ്ക്ക്. മൂത്തമകൾ അർച്ചന ഡിഗ്രിയ്ക്കും മകൻ അമൽ പ്ലസ്ടുവിനും പഠിക്കുന്നു.
എട്ടാം ക്ലാസിൽ പഠിത്തം നിർത്തിയവരാണ് ഞാനും ഭർത്താവും. അന്നത്തെ സാഹചര്യത്തിൽ തുടർന്ന് പഠിക്കാൻ  കഴിഞ്ഞില്ല. പിള്ളേരൊക്കെ പഠിച്ച് ഉയർന്ന   ക്ലാസിലെത്തിയപ്പോൾ എനിക്കും പഠിച്ചാൽ  കൊള്ളാമായിരുന്നു എന്ന്  തോന്നി. ഞാൻ നിർബന്ധിച്ചാണ് ചേട്ടനെ സാക്ഷരതാ  ക്ലാസിൽ   കൂട്ടികൊണ്ടു പോയിരുന്നത്. " മഞ്ജുള പറഞ്ഞു.

കോവിഡ് കാലത്ത് ഓൺ ലൈൻ വഴിയാണ് സാക്ഷരതാ ക്ലാസുകൾ എടുത്തിരുന്നത്. ഓട്ടോ റിക്ഷയുടെ ഓട്ടം കഴിഞ്ഞ് കൃഷ്ണകുമാർ വീട്ടിലെത്തുമ്പോൾ ക്ലാസിൽ കയറാൻ റെഡിയായി മഞ്ജുള കാത്തിരിക്കും.  പാഠഭാഗങ്ങളുടെ കൃത്യമായ നോട്ട് നൽകിയിരുന്നതിനാൽ പഠനം  കൂടുതൽ എളുപ്പമായിരുന്നെന്നും 
മഞ്ജുള പറയുന്നു.

ഹ്യുമാനിറ്റീസ് ഐച്ഛിക വിഷയമായെടുത്ത് പ്ലസ് ടു തുല്യത പരീക്ഷ എഴുതിയെടുക്കുക യാണ്   ഈ ദമ്പതികളുടെ അടുത്ത ലക്ഷ്യം.

ജില്ലയിൽ ഇത്തവണ 424 പേർ സാക്ഷരത മിഷന്റെ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി. 398 പേർ വിജയിച്ചു. 93.86 ആണ് വിജയ ശതമാനം.

date