Skip to main content

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം :  തിരിച്ചറിവ്' പരിപാടി സമാപനം ഇന്ന്.

 

കോട്ടയം: ജയിൽ അന്തേവാസികളുടെ സമഗ്രവ്യക്തിത്വവികസനവും മാനസിക ഉല്ലാസവും ലക്ഷ്യമിട്ട്  കോട്ടയം ജില്ലയിലെ ജയിലുകളിൽ കഴിഞ്ഞ മൂന്നുദിവസമായി സംഘടിപ്പിച്ചു വരുന്ന തിരിച്ചറിവ്' പരിപാടികൾ ഇന്നു (ഒക്‌ടോബർ 31 ) സമാപിക്കും. 

ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ ജയിൽ അങ്കണ ത്തിൽ നടക്കുന്ന സമാപന സമ്മേളനം വ്യവസായ-നിയമവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.  ജസ്റ്റിസ് വി.ജി. അരുൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ജയചന്ദ്രൻ  മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം വിജയരാഘവൻ വിശിഷ്ടാതിഥിയാകും. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റ്റി.ആർ. റീനാദാസ് പ്രോഗ്രാം റിപ്പോർട്ട് അവതരിപ്പിക്കും. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പുരസ്‌കാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് ഇൻ ചാർജ് ജോൺസൺ ജോൺ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എസ്. സുധീഷ് കുമാർ, ജയിൽ ഹെഡ്ക്വാർട്ടേഴ്‌സ് ഡി.ഐ.ജി. എസ് സന്തോഷ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ജെ. പദ്മകുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബെന്നി കുര്യൻ എന്നിവർ പങ്കെടുക്കും. തുടർന്ന് ജയിൽ അന്തേവാസികളും ജീവനക്കാരും പങ്കെടുക്കുന്ന കലാസന്ധ്യ അരങ്ങേറും .  രാവിലെ 11ന് ഡോ. മാത്യു കണമല മോട്ടിവേഷൻ ക്ലാസെടുക്കും. 

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ നിയമസേവന അതോറിറ്റിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 

നിയമ സഹായ ക്ലിനിക്കുകൾ, നിയമ അവബോധ- വൈദ്യബോധന ക്ലാസുകൾ, മോട്ടിവേഷൻ  ക്ലാസുകൾ, ഡോക്യുമെൻ്ററി  പ്രദർശനം, , കലാസന്ധ്യ,അന്തേവാസികൾക്ക് മാസ്‌ക് , പുസ്തകം ,   ഇൻഡോർ സ്പോർട്സ് സാമഗ്രികൾ  എന്നിവയുടെ വിതരണം
തുടങ്ങിയവയാണ് പരിപാടിയിലുള്ളത് 

date