Skip to main content

 ഡിസംബറിനകം പദ്ധതി നിർവ്വഹണം 90 ശതമാനമാക്കണമെന്ന്  വകുപ്പുകൾക്ക് നിർദേശം

ജില്ലാ വികസന സമിതി യോഗം ചേർന്നു

 

വിവിധ വകുപ്പുകൾ  നടപ്പാക്കുന്ന  വാർഷിക പദ്ധതികളുടെ നിർവഹണം ഡിസംബർ മാസത്തോടെ 90 ശതമാനം പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ  നിർദേശം. 
പദ്ധതി കാലാവധി  അവസാനിക്കുന്നതിന് അഞ്ച് മാസം ബാക്കി നിൽക്കേ  സംസ്ഥാന പദ്ധതികളുടെ  66.73 ശതമാനവും കേന്ദ്ര പദ്ധതികളുടെ 82.73 ശതമാനവുമാണ് വിനിയോഗിച്ചിട്ടുള്ളത്.പൊതുമരാമത് കെട്ടിട വിഭാഗം, കേരള വാട്ടർ അതോറിറ്റിയുടെ  പ്രോജക്ട് ഡിവിഷനും കോട്ടയം , തിരുവല്ല, കടുത്തുരുത്തി പി.എച്ച് ഡിവിഷനുകളും ,  ഇറിഗേഷൻ വകുപ്പും പദ്ധതി വിനിയോഗം 100 ശതമാനവും കൈവരിച്ചു. ബാക്കിയുള്ള വകുപ്പുകൾ  66.97 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ട്   പദ്ധതി വിനിയോഗത്തിൽ കാലതാമസം ഉണ്ടാകുന്നതിൻ്റെ കാരണങ്ങൾ സംബന്ധിച്ച്  വകുപ്പ് മേധാവികൾ വിശദീകരിച്ചു.
വൈക്കം നിയോജമണ്ഡലത്തിലെ റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വാഹന ഗതാഗത ത്തിനും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം  റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന മരത്തടികളും വൃക്ഷക്കൊമ്പുകളും നീക്കം ചെയ്യണമെന്നും സി.കെ. ആശ എം.എൽ.എ  യോഗത്തിൽ ആവശ്യപ്പെട്ടു. 
വിരിപ്പു കൃഷി നെല്ല് സംഭരണത്തിനുള്ള സർക്കാർ നിർദ്ദേശങ്ങൾ  പാലിച്ചുള്ള നടപടികൾ  ഉറപ്പു വരുത്തണമെന്ന് സപ്ലൈകോ റീജിയണൽ മാനേജർക്ക്  എം.എൽ എ നിർദേശം നൽകി. മില്ലുടമകളുടെ ഏജൻ്റുമാർ കർഷകരുമായി വിലപേശൽ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി അവർ പറഞ്ഞു . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ, തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ തുടങ്ങിയവർ റോഡ് നിർമ്മാണം, കുടിവെള്ള പദ്ധതി, വൈദ്യുതി വിതരണം ,കാർഷിക വിളകളുടെ ഇഷുറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
എ.ഡി എം. ജിനു പുന്നൂസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു  പദ്ധതി പുരോഗതി റിപ്പോർട്ടവതരിപ്പിച്ചു. 
 

date