Skip to main content

വിദ്യാലയങ്ങളും കലാലയങ്ങളും മതവിദ്യാഭ്യാസ സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വിദ്യാലയങ്ങളും കലാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നിലവില്‍ ജില്ലയിലെ കോവിഡ് രോഗികളാകുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ അടുത്ത് ഇടപഴകുന്നത് മൂലം കോവിഡ് വ്യാപിക്കാന്‍ സാധ്യതയേറെയാണ്. കുട്ടികള്‍ക്ക് കോവിഡ് രോഗം വന്നാല്‍ ആ ക്ലാസ് നിര്‍ത്തിവെക്കുകയും കൂടുതല്‍ കുട്ടികള്‍ക്ക് വന്നാല്‍ സമ്പര്‍ക്കത്തില്‍ വന്ന കുട്ടികള്‍ മുഴുവന്‍ ക്വാറന്റൈനില്‍ (സമ്പര്‍ക്ക വിലക്ക്) പോകുകയും സ്‌കൂള്‍ വീണ്ടും അടച്ചിടേണ്ടി വരികയും ചെയ്യും. ഈ അവസഥ വരാതിരിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളായ മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കൃത്യമായി പാലിക്കേണ്ടതാണ്. അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സഹായിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യണം.
കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ നിലവില്‍  നടപടി സ്വീകരിച്ചു വരികയാണ്. സ്‌കൂളുകളും, കോളജുകളും, ട്യൂഷന്‍ സെന്ററുകളും, മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാരിന്റേയും ആരോഗ്യവകുപ്പിന്റേയും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. വീണ്ടും ഒരു കോവിഡ് തരംഗം ഉണ്ടാകാതെ വിദ്യാലയങ്ങളും കലാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സ്വയം ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കുക
2. മാസ്‌ക്കില്‍ ഇടക്കിടെ സ്പര്‍ശിക്കരുത്
3. സംസാരിക്കുമ്പോഴും, ചുമക്കുമ്പോഴും, തുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്
4. കൈകള്‍ ഇടക്കിടെ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ പുരട്ടിയോ വൃത്തിയാക്കണം
5. കൂട്ടം കൂടരുത്
6. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ വീട്ടിലാര്‍ക്കുണ്ടായാലും വരരുത്. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉചിതമായ ചിക്തിസ തേടണം
7. ആഹാരം, കുടിവെള്ളം, പഠന സാമഗ്രികള്‍ എന്നിവ കൈമാറരുത്
8. ചുമരുകള്‍, കൈവരികള്‍ തുടങ്ങിയ ഇടങ്ങളില്‍ ആവശ്യമില്ലാതെ സ്പര്‍ശിക്കരുത്
9. ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്
10. സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങുക
11. വീട്ടില്‍ എത്തിയാല്‍ ഉടന്‍ ധരിച്ച വസ്ത്രങ്ങള്‍ സോപ്പ് വെള്ളത്തില്‍ മുക്കിവെച്ചതിന് ശേഷം കുളിക്കുക
12. അധ്യാപകരുടെയും മാതാപിതാക്കളുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കുക

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. രോഗസാധ്യത നിലനില്‍ക്കുന്നതിനാല്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുക
2. മൂക്കും, വായും മൂടുന്ന വിധം മാസ്‌ക് ശരിയായി കുട്ടികളെ ധരിപ്പിക്കുക
3. മാറി ധരിക്കേണ്ടി വന്നാല്‍ ഉപയോഗിക്കാനുള്ള മാസ്‌കും പഴയ മാസ്‌ക് തിരികെ കൊണ്ടുവരാനുള്ള കവറും നല്‍കണം
4. സാനിറ്റൈസര്‍ കൊടുത്തുവിടണം
5. ഭക്ഷ്യവസ്തുക്കളും വെള്ളവും പഠന സാമഗ്രികളും കൈമാറരുതെന്ന് നിര്‍ദേശിക്കുക
6. തിരക്കു കുറഞ്ഞ വാഹനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്യുക
7. വീട്ടില്‍ മടങ്ങിയെത്തിയാലുടന്‍ കുളിക്കാന്‍ നിര്‍ദേശിക്കുക
8. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കഴുകാതെ വീണ്ടും ധരിക്കാന്‍ നല്‍കരുത്
9. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ സ്‌കൂളില്‍ വിടരുത്
10. പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക

date