Skip to main content

മൂല്യവർദ്ധിത കാർഷിക ഉല്പന്ന സംരംഭങ്ങൾക്ക് കൂടുതൽ സാധ്യത: മന്ത്രി പി.രാജീവ്

 

 

കളമശ്ശേരി മണ്ഡലത്തിലെ സ്‌കില്ലിങ് കളമശ്ശേരി യൂത്ത് (SKY) പ്രോഗ്രാമിന്റെ ഭാഗമായി മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ, സംരംഭക താൽപര്യമുള്ളവർക്കായി കാർഷിക മൂല്യവർദ്ധന ഉൽപ്പന്ന സംരംഭക പരിശീലനം സംഘടിപ്പിച്ചു. വ്യവസായ മന്ത്രി പി.രാജീവ് പരിശീലനം ഉദ്ഘാടനം ചെയ്തു. 

 

കൃഷി ഉൾപ്പടെ ചെറുകിട വ്യവസായ മേഖലയിലും സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തനം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഉത്തരവാദിത്വ വ്യവസായം ഉത്തരവാദിത്വ നിക്ഷേപം എന്നതാണ് സർക്കാരിന്റെ മുദ്രാവാക്യം. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് അനുമതി ലഭിക്കുന്നതിനുള്ള തടസങ്ങളും സർക്കാർ മാറ്റി കൊണ്ടിരിക്കുകയാണ്. 

 

കാർഷിക മേഖലയിലെ മൂല്യവർധിത ഉല്പന്നങ്ങളുടെ നിർമ്മാണത്തിന് വലിയ സാധ്യതകളാണുള്ളത്. സംരംഭങ്ങൾ എന്നത് സമ്പദ്ഘടനയെ മുന്നോട്ടു കൊണ്ടു പോകുന്ന പ്രധാന ശക്തിയാണ്. നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനം എന്നതാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. സംരംഭകർക്കാവശ്യമായ നൈപുണ്യവികാസത്തിന് വേണ്ട പ്രവർത്തനങ്ങളും പ്രാധാന്യത്തോടെ നടപ്പിലാക്കും. 

 

സർക്കാരും ജനങ്ങളും സംരംഭകരും തൊഴിലാളികളും ഒരുമിച്ച് മുന്നേറിയാൽ കേരളത്തെ ഉത്തരവാദിത്വ നിക്ഷേപത്തിന്റെ സ്വർഗമാക്കി മാറ്റാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. 

 

ഒന്നാംഘട്ട പരിശീലനമാണ് കളമശ്ശേരിയിലെ 

കേരള സംരഭകത്വ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിന്റെ (KIED) കാമ്പസിൽ നടന്നത്. ഭക്ഷ്യ ഉൽപാദന ത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കാർഷികഭക്ഷ്യ സംസ്കരണ, മൂല്യവർദ്ധിത ഉത്പന്നങ്ങളിലെ വിവിധ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, 

മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലനം.  

 

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ് ഡെവലപ്മെൻറ് (KIED) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രോഗാമായ അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ ഓൺ ട്രപ്രണർഷിപ് (ARISE) പ്രോഗ്രാമിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 

കീഡ് (KIED) സി.ഇ. ഒ ശരത്.വി. രാജ്, ഫ്രൂട്ടോമാൻ ഡയറക്റ്റർ ടോം തോമസ്, ജില്ലാ വ്യവസായ കേന്ദ്രം ഡയറക്റ്റർ ബിജു പി എബ്രഹാം, കൃഷി വിജ്ഞാന കേന്ദ്രം ഹെഡ് ഡോ. ഷിനോജ് സുബ്രമഹ്ണ്യം, വിവിധ കാർഷിക ഭക്ഷ്യസംസ്കരണ - മൂല്യവർദ്ധിത വ്യവസായങ്ങളിലെ സംരംഭകർ തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. 

 

 അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 പേർക്കാണ് ആദ്യഘട്ടം പരിശീലനം നൽകുന്നത്. ബാക്കിയുള്ളവർക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും. തുടർ ഘട്ടങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് http://shorturl.at/dBHQ8 എന്ന ലിങ്ക് മുഖേന അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് എം.എൽ.എ ഓഫീസുമായി ബന്ധപ്പെടണം. 04842544444.

date