Skip to main content
 ജി.എച്ച്.എസ്.എസ്.ആലംപാടിയില്‍ പ്രൈമറി വിഭാഗത്തിന് വേണ്ടി കാസര്‍കോട് വികസനാ പാക്കേജില്‍ നിര്‍മ്മിച്ച കെട്ടിടം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു

സ്‌കൂള്‍ തുറക്കല്‍, സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ പ്രവര്‍ത്തനം- മന്ത്രി വി.ശിവന്‍ കുട്ടി

18 മാസക്കാലം വീടുകളില്‍ ഇരുന്ന് വീര്‍പ്പുമുട്ടിയ കുട്ടികളെ ക്ലാസ് മുറികളിലെത്തിക്കുക എന്ന വലിയ പ്രവര്‍ത്തനമാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഏറ്റെടുത്ത് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. കാസര്‍കോട് ആലംപാടി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തിന് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലവും പെരുമഴക്കാലവും ആണെങ്കിലും മനുഷ്യന്‍ ഒരു സമൂഹമെന്ന നിലയില്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ രണ്ട് മേഖലകളിലാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കാസര്‍കോട് വികസന പാക്കേജില്‍ സ്‌കൂള്‍ കെട്ടിടം ഉയര്‍ന്നത്. ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് കൊണ്ട് നവീനമായ ധാരാളം പദ്ധതികള്‍ കിഫ്ബി, സര്‍ക്കാര്‍, കാസര്‍കോട് വികസന പാക്കേജ് തുടങ്ങിയവ വഴി നടപ്പിലാക്കുന്നു. ബൗദ്ധിക സാഹചര്യങ്ങളുടെ അഭാവം മൂലം പ്രയാസങ്ങളനുഭവിക്കുന്ന ആലംപാടി സ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും വളരെക്കാലത്തെ ആവശ്യമാണ് എല്‍.പി വിഭാഗത്തില്‍ എട്ട് ക്ലാസ് മുറികളടങ്ങിയ ഇരുനിലക്കെട്ടിടം യാഥാര്‍ഥ്യമായതിലൂടെ നിറവേറ്റപ്പെടുന്നത്. വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താന്‍ പുതിയ അന്തരീക്ഷം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് മുനീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ജില്ലാ പഞ്ചായത്തംഗം ജാസ്മിന്‍ ചെര്‍ക്കളം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സക്കീന അബ്ദുള്ളഹാജി ഗോവ, പഞ്ചായത്തംഗം ഫരീദ അബൂബക്കര്‍, ഡി.ഡി.ഇ കെ.വി.പുഷ്പ, ഡി.ഇ.ഒ എന്‍.നന്ദികേശന്‍, പി.ടി.എ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ ഖാസി, പ്രിന്‍സിപ്പാള്‍ സെഡ്.എ.അന്‍വര്‍ ഷമീം, ഷീജ ജോഷി എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍ സ്വാഗതവും പ്രധാനാധ്യാപകന്‍ സതീഷ് കുമാര്‍ എം.പി നന്ദിയും പറഞ്ഞു.

 

date