Skip to main content

എ കെ ജി യെ കുറുവടികൊണ്ടു തല്ലിയവർ ഇപ്പോഴും സജീവമെന്ന് മുഖ്യമന്ത്രി

അനൈക്യത്തിനും വിഭാഗീയതയ്ക്കും സാമ്രാജ്യത്വത്തിനും എതിരെ  ഗുരുവായൂർ സത്യാഗ്രഹത്തിന് മുന്നോടിയായി ജാഥ നയിച്ച എ കെ ജി യെ തല്ലിയ പ്രമാണിമാരുടെ കുറുവടി ഇപ്പോഴും പലരും സൂക്ഷിച്ചുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 90 വർഷം കഴിഞ്ഞിട്ടും ആ കുറുവടിയുമായി ചിലർ കേരളത്തിലെ ചില വിഭാഗങ്ങളെ രാജ്യത്തു നിന്ന് തന്നെ തുടച്ചുനീക്കാൻ  ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ സത്യാഗ്രഹ നവതി ആഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഭാഗീയത വളർത്താനും സാമ്രാജ്യത്വം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾക്കെതിരായ ചെറുത്തു നിൽപ്പിന് കരുത്തുപകരുന്നതാകണം ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഓർമ്മ. അടികൊള്ളാനും അവകാശത്തിനായി സമരം ചെയ്യാനും പി കൃഷ്ണപിള്ള, എ കെ ജി, കെ കേളപ്പൻ തുടങ്ങിയ നേതാക്കൾ ഉണ്ടായിരുന്നതുകൊണ്ടാണ് ഗുരുവായൂരിന്റെ മണ്ണിൽ മാനവികത പുലർന്നത്. വരേണ്യ വർഗ്ഗവും ഭരണകൂടവും എന്ത് ചെയ്യുന്നുവെന്ന്  നോക്കി നിൽക്കാതെ അവർ നടത്തിയ സഹന സമരമാണ് ശരിയെന്നു കാലം തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
 ഗാന്ധിജി കൊല്ലപ്പെട്ട ശേഷവും ഗാന്ധിയൻ മൂല്യങ്ങളെ നിരാകരിക്കാനും ഗാന്ധിയൻ ആശയങ്ങളെ തുടച്ചു നീക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. അതിനെതിരായ കേരളീയരുടെ താക്കീതായിക്കൂടി ഗുരുവായൂർ നവതി ആഘോഷങ്ങൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു.
പി.എൻ.എക്സ്. 4180/2021

date