Skip to main content

കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റും: മുഖ്യമന്തി

അക്കാദമിക് മികവിന് പ്രാധാന്യം നൽകിയും അടിസ്ഥാന സൗകര്യങ്ങളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തിയും കേരളത്തെ ഉന്നത വിദ്യാഭ്യസ രംഗത്തെ ഹബ്ബാക്കിമാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാഭ്യസ രംഗം ശക്തിപ്പെടുത്തിയ മാതൃകയിലാവും ഉന്നത വിദ്യാഭ്യാസ രംഗവും നവീകരിക്കുന്നത്. അതിനായി സംസ്ഥാനത്തെ പാഠ്യപദ്ധതി ഉൾപ്പടെ പരിഷ്‌ക്കരിക്കുമെന്നും ഗവേഷണ രംഗം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമൻസ് കോളേജിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തു കൂടുതൽ സെന്റർ ഫോർ എക്‌സലൻസുകൾ ഉണ്ടാകുന്നതിനായി സൗകര്യങ്ങൾ വർധിപ്പിക്കും. സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന കേന്ദ്രങ്ങളായി അവയെ വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അക്കാഡമിക് സൗകര്യങ്ങൾ വർധിക്കുന്നതോടെ പുറം ദേശത്തു നിന്നും പഠനത്തിനായി വിദ്യാർഥികൾ എത്തും. അക്കാഡമിക് രംഗത്തെ നവീകരണത്തോടെ സംസ്ഥാനത്തെ കലാലയങ്ങൾക്കും യൂണിവേഴ്‌സിറ്റികൾക്കും മികച്ച ഗ്രെഡിങ് നേടാൻ കഴിയുമെന്നും അതിലൂടെ കേരളം വിദ്യാഭ്യസ രംഗത്തെ ഹബ്ബായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പി.എൻ.എക്സ്. 4183/2021
 

date