Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 01-11-2021

പാചക മത്സരവും കൊളാഷ് മത്സരവും സംഘടിപ്പിക്കുന്നു

ആറാമത് ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി വനിതകള്‍ക്ക് പാചക മത്സരവും കുട്ടികള്‍ക്ക് കൊളാഷ് മത്സരവും സംഘടിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ പാചകരീതി എന്നതാണ് പാചക മത്സരത്തിന്റെ വിഷയം. വീഡിയോ നാലു മിനുറ്റില്‍ കവിയാന്‍ പാടില്ല. ചേരുവകള്‍ തുച്ഛമായ വിലയുള്ളതും എളുപ്പത്തില്‍ ലഭിക്കുന്നതുമായിരിക്കണം. കുറഞ്ഞ ചേരുവകളെ പാടുള്ളൂ. ഒരാള്‍ക്ക് ഒരു വീഡിയോ മാത്രമേ അയക്കാന്‍ പാടുള്ളൂ.
തെറ്റായ ഭക്ഷണശീലം ആണ് കൊളാഷ് മത്സരത്തിന്റെ വിഷയം. എട്ടു മുതല്‍ 13 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ചിത്രങ്ങള്‍ കാന്‍വാസ് പേപ്പറില്‍ ഒട്ടിച്ച് അയക്കണം. എന്‍ട്രികള്‍ നവംബര്‍ ആറിനകം 7559865836, 8921171194 എന്നീ വാട്‌സ് ആപ്പ് നമ്പറുകളില്‍ അയക്കണം.

സീറ്റൊഴിവ്

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ വിവിധ ഡിഗ്രി കോഴ്‌സുകളില്‍ എസ്‌സി, എസ്ടി ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ഒഴിവ്്. താല്‍പര്യമുള്ളവര്‍ നവംബര്‍ ആറ്, എട്ട് തീയതികളില്‍ സര്‍വ്വകലാശാല ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പു സഹിതം കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ എളേരിത്തട്ട് കോളേജ് ഓപ്ഷന്‍ നല്‍കിയവരാകണം. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച(നവംബര്‍ രണ്ട്) ഓണ്‍ലൈനായി സര്‍വകലാശാലക്ക് അപേക്ഷ സമര്‍പ്പിക്കാം.  

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഇ-ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയ വിവരശേഖരണത്തിന്റെ ഭാഗമായി ജില്ലയിലെ 16 നും 59 നും ഇടയില്‍ പ്രായമുള്ള ഇ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്തവരും, ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തവരുമായ നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴില്‍ എടുക്കുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, മത്സ്യതൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, പാല്‍ക്കാരന്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തുടങ്ങി എല്ലാ മേഖലയിലുള്ള അസംഘടിത തൊഴിലാളികളും ഇ-ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.  നവംബര്‍ മൂന്ന് മുതല്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഓഫീസുകളിലും അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഫോണ്‍: 0497 2700353.

ഭൂമി ഏറ്റെടുക്കല്‍ സാമൂഹ്യ ആഘാത പഠനം: ഏജന്‍സികളെ എംപാനല്‍ ചെയ്യുന്നു

ജില്ലയില്‍ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം 200 ആറില്‍ കവിയാത്ത സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിന് 2013 ലെ ആര്‍എഫ്‌സിടി എല്‍ എ ആര്‍ ആര്‍ നിയമത്തിലെ രണ്ടാം അധ്യായത്തില്‍ പറഞ്ഞതുപോലെ സാമൂഹിക ആഘാത പഠനവും പഠന റിപ്പോര്‍ട്ടും സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുള്ള പദ്ധതികളും തയ്യാറാക്കുന്നതിന് ഏജന്‍സികളെ ജില്ലാതലത്തില്‍ എംപാനല്‍ ചെയ്യുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയവും അവഗാഹവുമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പ്രവൃത്തി പരിചയ, സാങ്കേതിക അറിവുകള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 15ന് വൈകിട്ട് അഞ്ചു മണിക്കകം അപേക്ഷിക്കണം. വിലാസം ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, കണ്ണൂര്‍-670002.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലേക്ക് ബൈ ബാക്ക് സ്‌കീമില്‍ മള്‍ട്ടീമീഡിയ പ്രൊജക്ടര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 11ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ജില്ലയില്‍ ചൊവ്വ (നവംബര്‍ രണ്ട്്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സ്വാമി ആനന്ദതീര്‍ത്ഥ ട്രസ്റ്റ് കമ്മ്യൂണിറ്റി ഹാള്‍ പയ്യന്നൂര്‍, ആര്‍ വി മെട്ട വിജ്ഞാന വേദി, ഇരിട്ടി താലൂക്കാശുപത്രി, വയോജന വിശ്രമകേന്ദ്രം മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും മുറിയാത്തോട് കമ്മ്യൂണിറ്റി ഹാള്‍, കാട്ടാമ്പള്ളി കമ്മ്യൂണിറ്റി ഹാള്‍, പേരാവൂര്‍ താലൂക്കാശുപത്രി, മയ്യില്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കണ്ണൂര്‍ ഓഫീസേര്‍സ് ക്ലബ് രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്നു വരെയും ഏമ്പേറ്റു സാംസ്‌കാരിക നിലയം, കമ്പില്‍ സി എച്ച്് മുഹമ്മദ് കോയ സാംസ്‌കാരിക നിലയം, കോട്ടൂര്‍ സബ്‌സെന്റര്‍, കീഴ്പ്പള്ളി ബിപിഎച്ച്‌സി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

പ്രൈം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കായി കേന്ദ്രീയ സൈനിക ബോര്‍ഡ് നല്‍കുന്ന പ്രൈംമിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് ksb.gov.in ല്‍ അപേക്ഷ നല്‍കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് നവംബര്‍ 30നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700069.
 

date