Skip to main content

അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയ്ക്കായി ജില്ല ഒരുങ്ങി

അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രത്യേ ക പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാതെ പോയവരെ കണ്ടെത്തി അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് അതിജീവനത്തിന് വഴിയൊരുക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്‌കരിക്കും.

ജില്ലാതല നിര്‍വഹണ സമിതി

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും കലക്ടറുടെയും നേതൃത്വത്തിലുളള സമിതിയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറാണ് ജില്ലാ നോഡല്‍ ഓഫീസര്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ എന്നിവരാണ് ജില്ലാതല നിര്‍വഹണ സമിതി അംഗങ്ങള്‍.

വിവരശേഖരണം മൊബൈല്‍ ആപ് വഴി

    പരിശീലനം പൂര്‍ത്തിയാകുന്നതോടെ വാര്‍ഡ്തല ജനകീയസമിതി ചര്‍ച്ചകള്‍ക്കും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ശേഷം പങ്കാളിത്ത ചര്‍ച്ചയിലൂടെ അന്തിമ പട്ടികയ്ക്ക് രൂപം നല്‍കി തദ്ദേശ സമിതികള്‍ക്ക് കൈമാറും. പട്ടികയിലുളളവരെ നേരില്‍കണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിവരം ശേഖരിക്കും. ഈ വിവരങ്ങളനുസരിച്ച് തയ്യാറാക്കുന്ന ലിസ്റ്റ് തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്‍കും. ഇങ്ങനെ കണ്ടെത്തുന്ന അതിദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ 
നേതൃത്വത്തില്‍  മൈക്രോ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.

പരിശീലനം പുരോഗമിക്കുന്നു

പദ്ധതിയുടെ ഭാഗമായി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, നോഡല്‍/അസിസ്റ്റന്റ് നോഡല്‍ 
ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ക്കായുളള 
പരിശീലനങ്ങളാണ് ഇപ്പോള്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പഞ്ചായത്ത്തല പരിശീലനങ്ങളും ആരംഭിക്കുന്നതാണെന്ന് പ്രോജക്ട് ഡയറക്ടര്‍  സാജു സെബാസ്റ്റ്യനും ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ പി. വി മധുവും അറിയിച്ചു.

date