Skip to main content

തിരികെയെത്തി സ്‌കൂളിലേക്ക്,  ഭയമില്ലാതെ ജാഗ്രതയോടുകൂടി 

 

 

 

കേരളപ്പിറവി ദിനത്തില്‍ ആഹ്ലാദത്തോടെയും പ്രത്യാശയോടെയും തെല്ല് ആശങ്കയോടെയും വിദ്യാലയങ്ങള്‍ വീണ്ടും സജീവമായി. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ ഒന്നര വര്‍ഷക്കാലമാണ് കുട്ടികള്‍ക്ക് നേരിട്ടുള്ള ക്ലാസ് പഠനത്തിന്റെ അനുഭവങ്ങള്‍ അന്യമായത്. എന്നാല്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനത്തിന്റെ പുത്തന്‍ രീതികള്‍ കുട്ടികള്‍ പരിചയപ്പെട്ടു. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അത്യന്തം ജാഗ്രത പാലിച്ചു കൊണ്ടാണ് ഓരോ വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തിയത്. 

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വളയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു.  ചടങ്ങില്‍ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി മെംബര്‍ എന്‍.എം.വിമല, ജില്ലാ പഞ്ചായത്ത് മെംബര്‍ സി.വി.എം.നജ്മ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വാസു, വളയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.അശോകന്‍ മാസ്റ്റര്‍, വളയം ഗ്രാമപഞ്ചായത്ത് മെംബര്‍ ശശിധരന്‍ മാസ്റ്റര്‍, നാദാപുരം എ.ഇ.ഒ വിനയരാജ്, പി.ടി.എ പ്രസിഡന്റ് എം.ദിവാകരന്‍, ഹെഡ് മാസ്റ്റര്‍ എ.കെ.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.പി.മിനി സ്വാഗതവും പി.രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

1,270 സ്‌കൂളുകളാണ് ജില്ലയില്‍ തുറന്നത്.  തെര്‍മ്മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ എല്ലാ  വിദ്യാലയങ്ങളിലും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചും ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തിയുമാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

ആദ്യ രണ്ടാഴ്ച ക്ലാസ്സുകള്‍ ഉച്ച വരെയായാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാണ്. 1,000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരു സമയത്ത് സ്‌കൂളില്‍ വരുന്ന രീതിയിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടത്തുക. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം സ്‌കൂളില്‍ വരാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസം സ്‌കൂളിലെത്തും. ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ ഹാജരാകരുത്  എന്ന് നിര്‍ദ്ദേശമുണ്ട്.  രോഗലക്ഷണം, പ്രാഥമിക സമ്പര്‍ക്കം, പ്രാദേശിക നിയന്ത്രണം എന്നിവയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവരും സ്‌കൂളില്‍ ഹാജരാകേണ്ടതില്ല.

date