Skip to main content

വിദ്യാലയങ്ങൾ തുറക്കുന്നു: മുന്നൊരുക്കങ്ങള്‍ പൂർത്തിയായി   

 

 

 

ഒന്നരവര്‍ഷത്തെ അടച്ചിടലിന് ശേഷം തുറക്കുന്ന വിദ്യാലയങ്ങളിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായി.നാളെ (നവംബര്‍ ഒന്ന്) കുട്ടികളെ വരവേല്‍ക്കാന്‍ അധ്യാപകരും വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൃത്യതയോടുള്ള മുന്നൊരുക്കങ്ങളാണ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടന്നത്.  അദ്ധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും സന്നദ്ധ സംഘടനകളും പൊടിപിടിച്ചുകിടന്ന ക്ലാസ്സ്മുറികളും വിദ്യാലയങ്ങളുടെ പരിസരവും വൃത്തിയാക്കി കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് കുട്ടികളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സ്‌കൂളുകള്‍ തുറക്കുന്നത്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചും ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തിയുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുക.

പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വളയം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും. കോഴിക്കോട് ഡിഡി.ഇ വി.പി മിനി അധ്യക്ഷത വഹിക്കും.  വടകര ഡി.ഇ.ഒ.  സി.കെ.വാസു സ്വാഗതം ആശംസിക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പിടി എ പ്രതിനിധികൾ എന്നിവർ ചേർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ വരവേൽക്കും.

1270 സ്കൂളുകളാണ് ജില്ലയിൽ തുറക്കുന്നത്. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ആവശ്യമായ നടപടികൾ പൂർത്തീകരിച്ചതായി ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി പറഞ്ഞു. വിദ്യാർഥികളും രക്ഷിതാക്കളും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം.മുന്നൊരുക്കങ്ങൾ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്.

തെര്‍മ്മല്‍ സ്‌കാനിംഗ്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ ക്ലാസ്സുകളിലും വിദ്യാലയങ്ങളിലും ഒരുക്കിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍, സ്‌കൂള്‍ ബസ്, വാട്ടര്‍ടാങ്ക്, അടുക്കള, കാന്റീന്‍, ശുചിമുറി വാഷ്‌ബേസിന്‍, ലാബ്, ലൈബ്രറി എന്നിവ ഉള്‍പ്പെടെ അണുവിമുക്തമാക്കിയിട്ടുണ്ട്. ദീര്‍ഘനാളായി സ്‌കൂളുകള്‍ അടഞ്ഞു കിടന്നതിനാല്‍ ഇഴജന്തുക്കള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പരിശോധിച്ച് അവയുടെ സാന്നിധ്യം ഇല്ലെന്നും ഉറപ്പു വരുത്തി.

സ്‌കൂള്‍ പരിസരങ്ങളിലും ക്ലാസുകളിലും കോവിഡ് അനുയോജ്യ പെരുമാറ്റ രീതികള്‍ വിവരിക്കുന്ന ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ അധ്യാപകരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, ശുചിമുറി തുടങ്ങിയിടങ്ങളില്‍ നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകളും ഉണ്ട്‌. 

ആദ്യ രണ്ടാഴ്ച ക്ലാസ്സുകള്‍ ഉച്ചവരെയായാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാണ്. 1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരു സമയത്ത് സ്‌കൂളില്‍ വരുന്ന രീതിയിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.  കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടക്കുക. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം സ്‌കൂളില്‍ വരാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസം സ്‌കൂളിലേക്കെത്തും. ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ ഹാജരാകേണ്ടതില്ല എന്ന് നിര്‍ദ്ദേശമുണ്ട്.  രോഗലക്ഷണം, പ്രാഥമിക സമ്പര്‍ക്കം, പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍, ജീവനക്കാര്‍ എന്നിവര്‍ സ്‌കൂളില്‍ ഹാജരാകേണ്ടതില്ല.

വിദ്യാർത്ഥികളിൽ കോവിഡ് പ്രതിരോധത്തിന്  അനുയോജ്യമായ പെരുമാറ്റ ശീലങ്ങൾ  ഉണ്ടാക്കുന്നതിനു വേണ്ടി പോസ്റ്ററുകളും ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളവും സംയുക്തമായി തയ്യാറാക്കിയിട്ടുണ്ട്.

അകലം പാലിച്ച് പഠിച്ചും കളിച്ചും വിദ്യാലയങ്ങള്‍ വീണ്ടുമുണരുകയാണ്. പ്രതിസന്ധികളെ കരുത്തോടെ തരണം ചെയ്യാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും ഒരുകൂട്ടം ഉദ്യോഗസ്ഥരും സുമനസ്സുകളും ഒറ്റക്കെട്ടോടെ സജ്ജമാണ്.

date