Skip to main content

കേരളം കോവിഡ് വാക്‌സിനേഷനിൽ ലക്ഷ്യത്തിനരികെയെന്ന് ആരോഗ്യ മന്ത്രി

*ആദ്യ ഡോസ് വാക്സിനേഷൻ 95 ശതമാനം
സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷൻ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേർക്ക് (2,53,60,542) ആദ്യ ഡോസ് വാക്സിനും 52.38 ശതമാനം പേർക്ക് (1,39,89,347) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,93,49,889 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 78.56 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 35.80 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. കോവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. അതിനാൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. ഇനിയും വാക്സിനെടുക്കാനുള്ളവർ ഉടൻ അവസരം വിനിയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി
പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകളാണ് പുരുഷൻമാരെക്കാൾ കൂടുതൽ വാക്സിനെടുത്തത്. സ്ത്രീകളിൽ 2,03,95,143 ഡോസ് വാക്സിനും പുരുഷൻമാരിൽ 1,89,45,125 ഡോസ് വാക്സിനുമാണെടുത്തത്. ആരോഗ്യ പ്രവർത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്സിനുമെടുത്തിട്ടുണ്ട്.
രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ.
പി.എൻ.എക്സ്. 4250/2021

date