Skip to main content

സമം'; സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി ജില്ലയിൽ ഒരുവർഷം നീളുന്ന പരിപാടികൾ - ജില്ലാതല സമിതി രൂപീകരിച്ചു

കോട്ടയം: സ്ത്രീ-പുരുഷ സമത്വമെന്ന ആശയം പ്രചരിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പ് മുഖേന നടപ്പാക്കുന്ന 'സമം-സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തിൽ നടന്ന ജില്ലാതല ആലോചന സമിതി യോഗത്തിലാണ് തീരുമാനം. 

ജില്ലയിൽ കേരള ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നവംബറിൽ ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രമുഖരായ 25 വനിത കലാകാരികളെ പങ്കെടുപ്പിച്ച് അഞ്ചുദിവസത്തെ ചിത്രകലാ ക്യാമ്പ് കോട്ടയത്ത് സംഘടിപ്പിക്കുമെന്ന് ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. ക്യാമ്പിൽ ഭിന്നശേഷിക്കാരായ അഞ്ചു വനിതകളടക്കമുള്ള ചിത്രകാരികൾ പങ്കെടുക്കും. ക്യാമ്പിനോടനുബന്ധിച്ച് കലാപരിപാടികളും സെമിനാറും നടക്കും. സ്‌കൂൾ വിദ്യാർഥികൾക്കായി മൂന്നുദിവസത്തെ ചിത്രരചന കളരിയും സംഘടിപ്പിക്കും. 

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ ആദരിക്കൽ, സ്ത്രീപക്ഷ കലാപരിപാടികളുടെ അവതരണം, ബോധവത്കരണം, പരിശീലനങ്ങൾ, സെമിനാറുകൾ തുടങ്ങി വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ വാർഡുതലം വരെ പരിപാടികൾ സംഘടിപ്പിക്കും. 

ജില്ലാതല നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ചെയർമാനും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ കൺവീനറുമായി ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ചെയർമാൻ/പ്രസിഡന്റ് ചെയർമാനായി തദ്ദേശസ്വയംഭരണതല സമിതികൾ രൂപീകരിക്കും. വാർഡുതലത്തിൽ നഗരസഭ-ഗ്രാമപഞ്ചായത്തംഗം ചെയർമാനായി ജാഗ്രത സമിതിയും രൂപീകരിക്കും. 

 

ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ലളിത കലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പി.വി. ബാലൻ, ബാലമുരളി കൃഷ്ണൻ, റ്റി.ആർ. ഉദയകുമാർ, റ്റി.എസ്. ശങ്കർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ റ്റി.എസ്. ലൈജു, കലാകാരന്മാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date