Skip to main content

സാക്ഷരത മിഷൻ പത്താം തരം തുല്യത പരീക്ഷയിൽ അഖിലിന് ഉന്നത വിജയം 

പത്താം തരം തുല്യത പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച് ഭിന്നശേഷിക്കാരനായ അഖിൽ. തളിക്കുളം പഞ്ചായത്തിന്റെ കീഴിലുള്ള ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥിയാണ് അഖിൽ. തളിക്കുളം ഗ്രാമപഞ്ചായത്ത്  പദ്ധതിയിലൂടെയാണ് വിദ്യാർത്ഥികൾക്ക് തുല്യത പഠനത്തിന് വേണ്ടി ഫീസ് നൽകുന്നത്. 2021-22 വർഷം ഒരു ലക്ഷം രൂപയാണ് പഞ്ചായത്ത്‌ തുല്യത പഠനത്തിനായി മാറ്റി വെച്ചിരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും ബഡ്‌സ് സ്കൂളിലെ അധ്യാപകരുടെയും  സാക്ഷരത പ്രേരകിന്റെയും പ്രത്യേകമായ സഹകരണത്തോടെയാണ് അഖിലിന്റെ പഠനം പൂർത്തിയാക്കിയത്. ബഡ്‌സ് സ്കൂൾ ജീവനക്കാരിയായ സരളയുടെയും ഓട്ടോ തൊഴിലാളിയായ രവീന്ദ്രന്റെയും മകനാണ്. അഖിലിനെ തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, മെമ്പർമാരായ ഷാജി അലുങ്ങൽ, സിംഗ് വാലത്ത്, ഷിജി. സി.കെ, കെ. കെ. സൈനുദ്ധീൻ, ബഡ്‌സ് സ്കൂൾ അധ്യാപിക റിയ ചീരൻ, തളിക്കുളം പ്രേരക് മിനി. എം. ആർ, നാട്ടിക പ്രേരക് സിന്ധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date