Skip to main content

കഷ്ടപ്പാടുകൾക്ക് വിട; കല്യാണിക്കുട്ടിക്കും കുടുംബത്തിനും സ്നേഹവീടായി 

പോർക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ രോഗികളായ മക്കളുമായി ദുരിതജീവിതം നയിച്ചിരുന്ന കല്യാണിക്കുട്ടി ടീച്ചർക്ക് ഇനി സ്വന്തം വീട്. പോർക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി, പോർക്കുളം കുടുംബശ്രീ, ജനകീയ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ 
നിർമ്മാണം പൂർത്തീകരിച്ച സ്നേഹവീടിന്റെ താക്കോൽദാനം ഇന്ന് (നവംബർ 4) രാവിലെ 10 ന് കൈമാറും. എ സി മൊയ്തീൻ എം എൽ എയാണ് കല്യാണിക്കുട്ടി ടീച്ചർക്കും കുടുംബത്തിനും വീടിൻ്റെ താക്കോൽ നൽകുക. 

പോർക്കുളം ചെറളയത്ത് വീട്ടിൽ കല്യാണിക്കുട്ടിക്കും രോഗികളായ മക്കൾക്കും ആശ്രയ പദ്ധതി വഴിയാണ് വീട് നിർമ്മിച്ച് നൽകിയത്. പുതുകുളങ്ങരെ വീട്ടിൽ രാമകൃഷ്ണനും കിഴക്കേപ്പാട്ട് ലക്ഷ്മിയമ്മയും ചേർന്ന് 3 സെന്റ് ഭൂമി ഇവർക്ക് സൗജന്യമായി നൽകിയിരുന്നു. 
വീടുകളിൽ ചെന്ന് കുട്ടികൾക്ക് സംഗീതം പഠിപ്പിച്ചിരുന്ന കല്യാണിക്കുട്ടിക്ക് ലോക്ക്ഡൗൺ ആയതോടെ  കഷ്ടപ്പാട് ഇരട്ടിയായി.  സംഗീത പഠനം നിലച്ചതോടൊപ്പം മകൻ ജയേഷ് ശരീരത്തിന്റെ വലതുവശം തളർന്ന് കിടപ്പിലായതും ഇവരുടെ ബുദ്ധിമുട്ട് ഇരട്ടിച്ചു. മറ്റൊരു മകൻ ഹരീഷിനും തൊഴിൽ ഇല്ലാതായി. കല്യാണിക്കുട്ടി സംഗീതം പഠിപ്പിച്ച വിദ്യാർത്ഥികൾ ലോക്ക്ഡൗണിൽ അധ്യാപികയെ തേടിയെത്തിയപ്പോഴാണ് ഇവരുടെ കഷ്ടപ്പാട് അറിഞ്ഞത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജിഷ ശശി, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു ബാലൻ, പഞ്ചായത്തംഗം പി.സി.കുഞ്ഞൻ എന്നിവർ ചേർന്ന് ഇവരെ അക്കിക്കാവിലെ ലക്ഷം വീട് കോളനിയിലെ 71-ാം നമ്പർ അങ്കണവാടിയിലേക്ക് മാറ്റി. തുടർന്ന് കല്യാണിക്കുട്ടിയുടെ മക്കൾക്ക് ആവശ്യമായ ചികിത്സയും നൽകി. 

ഇവരുടെ വീട്ടിലേക്ക് കൃത്യമായ വഴിയില്ലാത്തതിനാൽ മറ്റൊരു സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പോർക്കുളം പഞ്ചായത്ത്.  ഇതറിഞ്ഞ കൊങ്ങണ്ണൂർ സ്വദേശിയായ രാമകൃഷ്ണൻ 3 സെൻ്റ് സ്ഥലം സൗജന്യമായി നൽകുകയായിരുന്നു. സ്ഥലത്തിൻ്റെ. ആധാരം കല്യാണിക്കുട്ടിക്ക്   എ സി മൊയ്തീൻ എംഎൽഎയാണ് കൈൈമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന താക്കോൽദാന ചടങ്ങിൽ നടൻ വി. കെ. ശ്രീരാമൻ, കലാമണ്ഡലം നിർവാഹക സമിതി അംഗം ടി. കെ. വാസു, കവി റഫീക്ക് അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.

date