Skip to main content

പ്രളയബാധിത പ്രദേശങ്ങളിലുള്ളവർ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണം

കോട്ടയം: പ്രളയ ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തവരും നിർബന്ധമായും എലിപ്പനി പ്രതിരോധ മരുന്നാായ ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരും മരുന്ന് കഴിക്കണം. 

ജില്ലയിൽ വെള്ളപ്പൊക്കത്തിനു ശേഷം എലിപ്പനി കേസുകളുടെ എണ്ണം വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. മലിന ജലവുമായി ഒരു തവണ മാത്രം സമ്പർക്കമുള്ളവർ ആഴ്ച്ചയിലൊരിക്കൽ 100 മില്ലി ഗ്രാമിന്റെ രണ്ടു ഡോക്‌സി സൈക്ലിൻ ഗുളിക വീതം രണ്ടാഴ്ച കഴിക്കണം. 

 

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ ഉൾപ്പെടെ നിരന്തര സമ്പർക്കം ഉണ്ടായവരും പ്രദേശ വാസികളും സമ്പർക്കം നീണ്ടുനിൽക്കുന്ന എല്ലാ ആഴ്ചയിലും ഒരുതവണ രണ്ടു ഗുളിക വീതം കഴിക്കണം. 

 

ശരീരത്തിൽ മുറിവോ വ്രണങ്ങളോ ഉള്ളവർക്ക് ഇത്തരം സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ ദിവസേന രണ്ടു നേരം 100 മില്ലി ഗ്രാമിന്റെ ഓരോ ഗുളിക വീതം അഞ്ചു ദിവസം തുടർച്ചയായി കഴിക്കണം. തുടർന്നുള്ള ആഴ്ചകളിൽ മലിനജല സമ്പർക്കം ഉണ്ടാകുന്നുവെങ്കിൽ ഇവർ ആഴ്ചയിലൊരിക്കൽ രണ്ടുഗുളിക വീതം തുടർന്നും കഴിക്കേണ്ടതുണ്ട്. 

 

രണ്ടു മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് കിലോഗ്രാം തൂക്കത്തിന് നാലു മില്ലി ഗ്രാം എന്ന കണക്കിന് ആഴ്ച്ചയിലൊരിക്കലാണ് ഡോക്‌സിസൈക്ലിൻ ഗുളിക നൽകേണ്ടത്. 

 

പനിയോടൊപ്പം തലവേദന, പേശീവേദന, ഛർദ്ദി, അടിവയറ്റിൽ വേദന, കണ്ണിനു ചുവപ്പു നിറം, മൂത്രത്തിന് മഞ്ഞനിറം എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങളാവാം. പനി ബാധിച്ചവർ ഉടൻ ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം. എലിപ്പനി കൃത്യസമയത്ത് ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാനാവുമെങ്കിലും രോഗം വൃക്ക, കരൾ തുടങ്ങിയ അവയവങ്ങളെ ബാധിച്ചാൽ മരണകാരണമായേക്കാം.

 

date