Skip to main content

അതിദരിദ്രരെ കണ്ടെത്തല്‍; ജനപ്രതിനിധികള്‍ക്കായുള്ള ഏകദിന  പരിശീലനം സംഘടിപ്പിച്ചു

 

പൊന്നാനി നഗരസഭയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധതിയുടെ പരിശീലനം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയിലെ ജനപ്രതിനിധികള്‍ക്കായി ആദ്യഘട്ടത്തിലെ ഏകദിന  പരിശീലനമാണ് കിലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ  അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള വിപുലമായ ഒരു കര്‍മ്മ പരിപാടിയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.  ആരാലും കണ്ടെത്താതെ, അതിജീവന ശേഷിയില്ലാതെ  ഒറ്റപ്പെട്ടു കഴിയുന്ന നിരാലംബരായ അതിദരിദ്രരെ കണ്ടെത്തി പരിരക്ഷിക്കുന്നതിന് സമയബന്ധിതമായ തീരുമാനങ്ങളും, നടപ്പില്‍ വരുത്തല്‍ പദ്ധതികളും ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണം ഉറപ്പു വരുത്തി ജനകീയ പങ്കാളിത്തത്തോടെയാണ് കണ്ടെത്തല്‍ പ്രക്രിയ നടത്തുന്നത്. ഇതിനായി സംസ്ഥാന, ജില്ലാ, തദ്ദേശ സ്വയംഭരണ സ്ഥാപന തല, വാര്‍ഡ് തല ജനകീയ സമിതികള്‍ രൂപീകരിക്കും. വാര്‍ഡ് തലത്തില്‍ 2-3 തലങ്ങളിലായുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും സംഘടിപ്പിക്കും. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ രൂപമെടുത്ത അര്‍ഹരുടെ പട്ടികകള്‍ വാര്‍ഡ് തലത്തില്‍ ക്രോഡീകരിച്ച് അതില്‍ ഉള്‍ക്കൊള്ളുന്ന വീടുകളില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണവും നടക്കും. ഈ പ്രക്രിയക്ക് സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെയുള്ള വിപുലമായ പരിശീലന പരിപാടി ആണ് ആസൂത്രണം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായാണ് നഗരസഭാ തല ജന പ്രതിനിധികള്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. പൊന്നാനി നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിശീലന പരിപാടി ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആബിദ, ഷീനാസുദേശന്‍, ഒ.ഒ ഷംസു, കൗണ്‍സിലര്‍മാരായ ഫര്‍ഹാന്‍, ഗിരീഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.  കില ഫാക്വല്‍റ്റികളായ സി.പി മുഹമ്മദ് കുഞ്ഞി, അഡ്വ. ബിന്‍സി ഭാസ്‌കര്‍, പ്രൊഫ.ഇമ്പിച്ചിക്കോയ തങ്ങള്‍, പി.ടി ഷിഹാബ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

date