Skip to main content

കേരളത്തിന്‍റെ അച്ചടി സംസ്കാരം സംരക്ഷിക്കാന്‍ കുളപ്പുള്ളിയില്‍ മ്യൂസിയം 

    

കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള ഏക അച്ചടി വിദ്യാഭ്യാസ സ്ഥാപനമായ കുളപ്പുള്ളി ഐ.പി.ടി (ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്രിന്‍റിങ് ടെക്ക്നോളജി) കോളെജില്‍ അച്ചടി മ്യൂസിയത്തിനുള്ള ഒരേക്കര്‍ സ്ഥലം കണ്ടെത്തിയതായി പ്രിന്‍സിപ്പല്‍ സി. ദിനചന്ദ്രന്‍ പറഞ്ഞു. കോളെജിന്‍റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണ് പഴയക്കാല അച്ചടി സാമഗ്രികളും യന്ത്രങ്ങളും സംരക്ഷിക്കുന്ന രീതിയില്‍ അച്ചടിമ്യൂസിയം തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.
കുട്ടികള്‍ക്കും വരും തലമുറക്കും അച്ചടിയുടെ ആദ്യകാല വളര്‍ച്ചയെക്കുറിച്ച് അറിയാന്‍ മ്യൂസിയത്തിലൂടെ സാധിക്കും. സര്‍ക്കാര്‍ പ്രസ്സിലേതുള്‍പ്പെടെ പഴയക്കാല അച്ചടി ഉപകരണങ്ങളും അച്ച് നിരത്തിയുള്ള ലെറ്റര്‍ പ്രസുകളുടെ സാമഗ്രികളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. 
അച്ചടിയുടെ ക്രമാതീതമായ വളര്‍ച്ചയില്‍ ഓരോ കാലഘട്ടത്തിലുള്ള മെഷീനുകളും പ്രവര്‍ത്തന സജ്ജമായി തന്നെ കോളെജില്‍ സൂക്ഷിച്ചിട്ടുണ്ട്. 1900- കാലഘട്ടത്തിലുള്ള കൈകളാല്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ആല്‍ബിയന്‍ പ്രിന്‍റിങ് പ്രസ് ഇപ്പോഴും പ്രവര്‍ത്തനസജ്ജമാണ്. കംപോസ് ചെയ്ത അക്ഷരങ്ങള്‍, ചിത്രങ്ങള്‍, അച്ചടി രൂപത്തിലേക്ക് മാറ്റുന്ന പി.ഡി. അഞ്ച് (റഷ്യന്‍ നിര്‍മിതം) പ്ലാറ്റന്‍, സിലിണ്ടര്‍ പ്രിന്‍റിങ് പ്രസ്സുകള്‍, ലെറ്റര്‍പ്രസ് (ആദ്യകാല രീതി), അച്ചടിക്ക് ആവശ്യമായ പ്രതലം തയ്യാറാക്കുന്ന മോണോ ടൈപ്പ്, ലിനോ ടൈപ്പ് കാസ്റ്റിങ് മെഷീനുകള്‍, ചിത്രങ്ങള്‍ അച്ചടിക്കാനും ഫിലിം നിര്‍മിക്കാനും ഉപയോഗിക്കുന്ന പ്രൊസ്സസ് ക്യാമറകള്‍ തുടങ്ങിയവ കോളെജിന്‍റെ ശേഖരത്തിലുണ്ട്. കൂടാതെ പ്രമുഖ പത്രങ്ങളുള്‍പ്പെടെ സംരക്ഷിക്കപ്പെടേണ്ട അച്ചടി സാമഗ്രികളും യന്ത്രങ്ങളും മ്യൂസിയത്തിനായി നല്‍കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. ആല്‍ബിയനില്‍ തുടങ്ങി ഡിജിറ്റല്‍, 3 ഡി പ്രിന്‍റിങില്‍ എത്തിയ അച്ചടിയുടെ കാലക്രമേണയുള്ള വളര്‍ച്ച വിവരിക്കുന്ന വെര്‍ച്ച്വല്‍ റിയാലിറ്റി മ്യൂസിയം ഒരുക്കാന്‍ തയ്യാറെടുക്കുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.

date