Skip to main content

2.30 രൂപയും 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വക: ധനമന്ത്രി

ഇന്ധനവിലയിൽ കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ കുറവ് കേരളത്തിൽ വന്നിട്ടുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രനികുതി കൂടി അടങ്ങുന്ന വിലയുടെ നിശ്ചിത ശതമാനമാണ് കേരളത്തിന്റെ നികുതി. അതിനാൽ കേന്ദ്രം നികുതി കുറയ്ക്കുമ്പോൾ കേരളത്തിന്റെ നികുതിയിലും കുറവുവരുമെന്നും ധനമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ നികുതി 10 രൂപയും അഞ്ച് രൂപയുമായി കുറച്ചപ്പോൾ കേരളത്തിൽ ഡീസലിന് 12.30 രൂപയും പെട്രോളിന് 6.56 രൂപയുമാണ് കുറഞ്ഞത്. ഇതിൽ ഡിസലിന്റെ 2.30 രൂപയും പെട്രോളിന്റെ 1.56 രൂപയും കുറഞ്ഞത് കേരളത്തിന്റെ വകയായാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ നികുതി നിരക്ക് നേരത്തേതന്നെ കുറച്ചതാണ്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 13 തവണയാണ് കേരളം നികുതി വർധിപ്പിച്ചത്. 2014 സെപ്തംബർ മുതൽ ഈ വർധന കാണാം. 2015 ജനുവരിയിൽ ക്രൂഡ്ഓയിൽ വില 46.59 ഡോളറായി. ഈ വിലകുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാൻ ആ സർക്കാർ തയാറായില്ല. 2014 ഓഗസ്റ്റിൽ പെട്രോളിന്റെ സംസ്ഥാന നികുതി 26.21 ശതമാനമായിരുന്നു. ക്രൂഡോയിലിന് വില കുറഞ്ഞപ്പോൾ അന്നത്തെ സർക്കാർ സെപ്തംബറിൽ 26.92 ശതമാനമായി നികുതി വർധിപ്പിക്കുകയായിരുന്നു. ഒക്ടോബറിൽ 27.42 ശതമാനമായും നവംബറിൽ 28.72 ശതമാനമായും 2015 ജനുവരിയിൽ 29.92 ശതമാനമായും നികുതി നിരക്ക് വർധിപ്പിച്ചു. 2015 ഫെബ്രുവരിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാൻ തുടങ്ങിയപ്പോഴും ഇവിടെ നികുതി 30.18 ശതമാനമായി ഉയർത്തുകയാണ് ചെയ്തത്.
അതേസമയം 2016 മുതൽ കേരളം നികുതി നിരക്ക് വർധിപ്പിച്ചിട്ടേയില്ല. എന്ന് മാത്രമല്ല 2018 ജൂണിൽ പെട്രോളിന്റെ നികുതി നിരക്ക് 30.08 ശതമാനമായും ഡീസലിന്റെ നികുതി നിരക്ക് 22.76 ശതമാനമായും കുറച്ചു. 509 കോടി രൂപയുടെ ആശ്വാസമാണ് അന്ന് ആ നടപടിയിലൂടെ സംസ്ഥാനം ജനങ്ങൾക്ക് നൽകിയത്. അന്നത്തെ പെട്രോൾ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ കുറഞ്ഞത് 1500 കോടിയുടെ ആശ്വാസമെങ്കിലും ജനത്തിന് കിട്ടിയിട്ടുണ്ടാവും. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സംസ്ഥാന വിഹിതം വർധിപ്പിക്കാൻ മിക്ക സംസ്ഥാനങ്ങളും തയാറായപ്പോൾ, അതിൽനിന്നും വിട്ടുനിന്ന സംസ്ഥാനമാണ് കേരളം. നിലവിൽ ഇന്ധനനികുതി കുറഞ്ഞതുകാരണം 500 കോടിയുടെ സാമ്പത്തിക നഷ്ടം നടപ്പ് സാമ്പത്തിക വർഷം തന്നെയുണ്ടാവും. അടുത്ത വർഷം വരുമാനത്തിൽ 1000 കോടിയിലധികം രൂപയുടെ കുറവുമുണ്ടാകും. ഇത്രയും കോടി രൂപയുടെ ആനുകൂല്യം ജനങ്ങൾക്ക് നേരിട്ട് ലഭിക്കുന്നുവെന്നത് നാം കാണണം.
കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 31 രൂപയിലധികം വർധിപ്പിച്ച കേന്ദ്രം അതിൽനിന്നും 10 ഉം അഞ്ചും രൂപയാണ് കുറച്ചത്. എന്നിട്ടും കേരള നികുതിയെക്കാൾ ഉയർന്നുതന്നെയാണ് കേന്ദ്രനികുതി നിൽക്കുന്നത്. ഒരു ലിറ്റർ പെട്രോളിൽനിന്നും 27.9 രൂപയും ഡീസലിൽനിന്ന് 21.8 രൂപയും കേന്ദ്രസർക്കാർ പിരിക്കുമ്പോൾ സംസ്ഥാനത്തിന് കിട്ടുന്നത് യഥാക്രമം 22.9 രൂപയും 21.8 രൂപയും മാത്രമാണ്. മാത്രമല്ല, കേന്ദ്രസർക്കാർ ലക്ഷ്യമിട്ടതിലും അധികം നികുതി ഇതിലൂടെ പിരിച്ചുംകഴിഞ്ഞു. 2020-21 ലെ ബജറ്റിൽ 2.67 ലക്ഷം കോടിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 3.61 ലക്ഷം കോടി രൂപയാണ് അധികമായി ലഭിച്ചത്. റിസർവ് ബാങ്കിൽനിന്നുള്ള ഡിവിഡന്റ്, ആസ്തി മോണിറ്റൈസേഷൻ എന്നിവയിൽനിന്നുള്ള ആധിക വരുമാനവും കേന്ദ്രത്തിന് ലഭിച്ചു. ഈ വരുമാനം ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടിയും വന്നില്ല.
ഇപ്പോൾ നികുതി കുറച്ച സംസ്ഥാനങ്ങൾ കോവിഡ് പ്രതിസന്ധിക്കാലത്ത് നികുതി വർധിപ്പിച്ചവരാണ്. കോവിഡ് കാലത്ത് അസം പെട്രോളിൽ അഞ്ച് ശതമാനവും ഡീസലിൽ ഏഴ് ശതമാനവും നികുതി കൂട്ടിയിരുന്നു. ഗോവ 10 ഉം ഏഴും ശതമാനം, കർണാടകം അഞ്ച് വീതം ശതമാനം, മണിപ്പൂർ 15 ഉം 12 ഉം ശതമാനം, ത്രിപുര എട്ടും ആറും ശതമാനം വീതവും അന്ന് ഉയർത്തി. അതിൽ ഒരു വിഹിതമാണ് അവരിപ്പോൾ കുറയ്ക്കുന്നത്.
രണ്ട് വിലയുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാതിരിക്കാൻ 1972 ൽ തുടങ്ങിയ ഓയിൽ പൂൾ അക്കൗണ്ട് എന്ന സംവിധാനം നിലനിന്നിരുന്നു. സബ്‌സിഡി നൽകിക്കൊണ്ട് പെട്രോൾ വില നിശ്ചിത നിരക്കിൽ നിലനിർത്താനുള്ള സംവിധാനമായിരുന്നു ഇത്. 2002 ൽ വാജ്പേയി സർക്കാരാണ് ഓയിൽ പൂൾ അക്കൗണ്ട് നിർത്തലാക്കിയത്. ഇപ്പോൾ അന്താരാഷ്ട്ര വില കുറയുമ്പോഴൊക്കെ കേന്ദ്രസർക്കാർ പുതിയ ഇനം നികുതികൾ ഏർപ്പെടുത്തുകയാണ്.
ഇന്ധനവില കൂടുന്നതിനു മൂന്നു കാരണങ്ങളാണുള്ളത്. പെട്രോൾ വില നിർണയ അധികാരം കമ്പോളത്തിനു യുപിഎ സർക്കാർ വിട്ടു കൊടുത്തു. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ വില കുറഞ്ഞപ്പോഴും രാജ്യത്ത് വില കുറഞ്ഞില്ല. പെട്രോളിന്റെ നിയന്ത്രണാധികാരം കേന്ദ്രത്തിനായിരുന്നു. കേന്ദ്രം അനിയന്ത്രിതമായി സ്പെഷൽ എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നതാണ് വിലക്കയറ്റത്തിനു മറ്റൊരു കാരണം. പെട്രോളിനു ഒരു ലീറ്ററിന് 8.1 രൂപ എക്സൈസ് നികുതി ഉണ്ടായിരുന്നത് 31 രൂപയാക്കി കേന്ദ്രം ഉയർത്തി. ഡീസലിന് 2.10 രൂപയായിരുന്നത് 30 രൂപയായി. 15 ഇരട്ടിയിലധികം നികുതി വർധിച്ചുവെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി.
പി.എൻ.എക്സ്. 4259/2021
 

date