Skip to main content

 മികവുത്സവം' സാക്ഷരതാ പരീക്ഷ: ജില്ലയില്‍ പരീക്ഷയ്ക്ക് ഒരുങ്ങുന്നത് 2098 മുതിർന്ന പൗരന്മാർ

 

   എറണാകുളം: സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയില്‍ ജില്ലയില്‍ നിന്നും 2098 മുതിര്‍ന്ന പൗരന്മാർ പങ്കാളികളാകും. സാക്ഷരതാ ശതമാനം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള കേരള മികവുത്സവം സാക്ഷരതാ പരീക്ഷ ജില്ലയില്‍ ഈ മാസം ഏഴ് മുതല്‍ 14 വരെ നടക്കും.

  പഠിതാക്കളിൽ 1634 സ്ത്രീകളും  464  പുരുഷന്മാരുമാണുള്ളത്. പട്ടികജാതി വിഭാഗത്തിൽ നിന്നും 209 പേരും പട്ടികവര്‍ഗ്ഗ വിഭാഗത്തിൽ നിന്നും 11 പേരും ഭിന്നശേഷിക്കാരായ  ഒൻപത് പേരും ഇവരിൽ ഉൾപ്പെടുന്നു.  

   ഏലൂര്‍ നഗരസഭാ പരിധിയിലുള്ള 75 വയസ്സുള്ള ജാനകി തെയ്യത്തുപറമ്പില്‍, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള 75 വയസ്സുള്ള അഴകി തുരുത്തില്‍,  തങ്കമ്മ അഴകന്‍ എന്നിവരും  70 വയസ്സുള്ള തങ്കമ്മ കാളുകുറുമ്പന്‍, രാധാ കുട്ടന്‍, തുരുത്തില്‍ കാര്‍ത്തു, തേവന്‍ വട്ടംകടവ് എന്നിവരാണ് ജില്ലയിൽ സാക്ഷരതാ പരീക്ഷ എഴുതുന്നവരിൽ പ്രായംകൂടിയ പഠിതാക്കള്‍.   

   ജില്ലയില്‍141 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കഴിഞ്ഞ മൂന്നുമാസമായി  സാക്ഷരതാ ക്ലാസ്സുകൾ നടത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകളും സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികൾ, സാക്ഷരതാ പ്രേരക്മാർ, മറ്റ് സാക്ഷരതാ പ്രവര്‍ത്തകർ എന്നിവർ മികവുത്സവത്തിന് നേതൃത്വം നൽകും.

     മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷയില്‍ പഠിതാക്കള്‍ക്ക് ക്ഷീണമകറ്റുന്നതിനായി  ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചായയും ലഘുഭക്ഷണവും നൽകും. ആവേശത്തോടെ പരീക്ഷയ്ക്ക് ഒരുങ്ങുകയാണ് ജില്ലയിലെ  മുതിര്‍ന്ന പഠിതാക്കള്‍.

date