Skip to main content

'സമം' ജില്ലാതല ഉദ്ഘാടനം നവംബര്‍ അവസാന വാരം

സ്ത്രീ സമത്വം സാധ്യമാക്കുക, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സമം ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ അവസാന വാരം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതി യോഗത്തിന്റേതാണ് തീരുമാനം.

സ്ത്രീ സമത്വം എന്ന ആശയം എല്ലാ തലത്തിലും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുക. ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ വാര്‍ഡിലും പരിപാടികള്‍ നടത്തും. അതത് ഗ്രാമപഞ്ചായത്തുകള്‍ക്കായിരിക്കും അതിന്റെ ചുമതല. വിവിധ മേഖലകളില്‍ നിന്നും സാമൂഹ്യ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളായിട്ടുള്ള ജില്ലയിലെ 10 സ്ത്രീകളെ പരിപാടിയുടെ ഭാഗമായി ആദരിക്കും. ഫോക്‌ലോര്‍ അക്കാദമി, സര്‍വ്വകലാശാല, കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പരിപാടികളും സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ചെയര്‍മാനും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ കണ്‍വീനറുമായി പരിപാടിയുടെ ജില്ലാതല സമിതി രൂപീകരിച്ചു. കോര്‍പ്പറേഷന്‍ അംഗം എന്‍ സുകന്യ, കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എ വി അജയകുമാര്‍ എന്നിവരാണ് സമിതിയുടെ വൈസ് ചെയര്‍മാന്‍മാര്‍. കോ-ഓര്‍ഡിനേറ്ററായി കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവനെയും ജോയിന്റ് കോ-ഓര്‍ഡിനേറ്ററായി പത്മനാഭന്‍ കാവുമ്പായിയെയും ജോയിന്റ് കണ്‍വീനര്‍മാരായി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ എന്നിവരെയും തെരഞ്ഞെടുത്തു.  
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, അംഗം സി പി ഷിജു, കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ പത്മനാഭന്‍ കാവുമ്പായി എന്നിവരും മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്ജ് ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.
 

date