Skip to main content

ശക്തമായ മഴയക്ക് സാധ്യത ;ജില്ലയിൽ മഞ്ഞ അലർട്ട്

നവംബർ 9, 10 തിയതികളിൽ ജില്ലയിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ ജില്ലയിൽ ഈ ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 

 

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

മുൻവർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവരും, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽക്കണ്ട് തയാറെടുപ്പുകൾ പൂർത്തീകരിക്കണം.കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണെന്ന്  ജില്ലാ കളക്ടർ അറിയിച്ചു.

 

***പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

 

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

 

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

 

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാകണം.

 

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം.

 

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

 

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം. 

 

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

 

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ, സെൽഫിയെടുക്കുകയോ, കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.

 

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

 

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

 

കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം.

 

ന്യൂനമർദ്ദം: നവംബർ 9 മുതൽ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യത

 

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നവംബർ 9, 10 തിയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും  നവംബർ 11 ന്  ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

 

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. നവംബർ ഒൻപതോടെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുകയും കൂടുതൽ ശക്തിപ്രാപിച്ച് തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

 

മധ്യ കിഴക്കൻ അറബികടലിലെ ന്യൂനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. മുബൈ തീരത്ത് നിന്ന് 800 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായും ഗോവ തീരത്ത് നിന്ന് 700 കിലോമീറ്റർ  പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറു അകലെയുമായി തീവ്രന്യൂനമർദ്ദം നിലവിൽ സ്ഥിതിചെയ്യുന്നു. അടുത്ത 48 മണിക്കൂർ കൂടി തീവ്രന്യൂനമർദ്ദമായി പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത. ഇന്ത്യൻ തീരത്ത് നിന്ന് അകന്നു ശക്തി കുറയാൻ സാധ്യതയുള്ളതിനാൽ, ഇന്ത്യൻ തീരത്തെ,  ന്യൂനമർദ്ദം ബാധിക്കാൻ സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

date