Skip to main content

ഭാഷയുടെ പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍  ജാഗ്രത വേണം- എച്ച്. സലാം എം.എല്‍.എ

ആലപ്പുഴ: കാലത്തിന്റെ മാറ്റത്തിനൊത്ത് മലയാള ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത വേണ്ടതുണ്ടെന്ന് എച്ച്. സലാം എം.എല്‍.എ പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ഭരണഭാഷ- മലയാളം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക ജീവിതം ആധുനികതയുടെ പാതയില്‍ സഞ്ചരിക്കുമ്പോള്‍ മലയാള ഭാഷയോടു ചേര്‍ന്നു നില്‍ക്കാന്‍ നമുക്കു കഴിയണം. കേരളം ചെറിയൊരു സംസ്ഥാനമാണെങ്കിലും സാഹിത്യ ലോകത്ത് മലയാളത്തിന് അതുല്യമായ സ്ഥാനമുണ്ട്. ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ജനതയാണ് മലയാളത്തിന്റെ കരുത്ത്. ഭരണഭാഷ എന്ന നിലയില്‍ മലയാളത്തെ പൂര്‍ണമായി സ്വീകരിക്കുന്നത് ഭരണം കൂടുതല്‍ ജനകീയമാക്കുന്നതിന് ഉപകരിക്കും-അദ്ദേഹം പറഞ്ഞു. 

ഗ്രന്ഥശാലാ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ താലൂക്ക് ഗ്രന്ഥശാലാ സംഘം സെക്രട്ടറി കെ.വി. ഉത്തമന്‍, ഗ്രന്ഥശാലാ  സെക്രട്ടറി എന്‍.എസ് ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ. ഗോപി, ജോയിന്റ് സെക്രട്ടറി ബി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date