Skip to main content

ജില്ല ട്രാൻസ്ജെന്റർ ജസ്റ്റിസ് കമ്മിറ്റി യോഗം ചേർന്നു 

ജില്ല ട്രാൻസ്ജെന്റർ ജസ്റ്റിസ് കമ്മിറ്റിയുടെ യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രാൻസ്ജെന്റർ പ്രതിനിധികൾ,  സാമൂഹ്യനീതി, പൊലീസ്, ആരോഗ്യം, തൊഴിൽ, കുടുംബശ്രീ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. സമൂഹത്തിൽ ട്രാൻസ്ജെന്ററുകൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു.

ട്രാൻസ്ജെന്റർ വ്യക്തികളെ ട്രാൻസ്ജെന്റർ എന്ന പദം മാത്രം രേഖകളിൽ ഉപയോഗിക്കുന്നതിനും ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതും രേഖകളിൽ ഉപയോഗിക്കുന്നതും ഒഴിവാക്കാനുമുള്ള സർക്കാർ നിർദേശം നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.

ട്രാൻസ്ജെന്റർ വ്യക്തികൾ നേരിടുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക്  സംയോജിപ്പിക്കുന്നതിന്റെയും ഭാഗമായി വിവിധ പദ്ധതികൾ യോഗം ചർച്ച ചെയ്തു. കുടുംബശ്രീയുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യതകൾ, എംജിഎൻആർഇജി പദ്ധതിയിൽ ട്രാൻസ്ജെന്റർ വ്യക്തികളെ ഉൾപ്പെടുത്തി അവർക്ക് ജോബ് കാർഡ്  നൽകൽ, സ്കൂളിൽ നിന്നും കോളേജിൽ നിന്നും പഠനം പൂർത്തിയാക്കാതെ ഡ്രോപ്പൗട്ട് ആയവരുണ്ടെങ്കിൽ അവരെ പഠനത്തിലേയ്ക്ക് തിരികെ  കൊണ്ടുവരുന്നതിനുള്ള നടപടികൾ, പി എസ് സി കോച്ചിംഗ് സൗകര്യങ്ങൾ എന്നിവ യോഗം വിശദമായി ചർച്ച ചെയ്തു.

ചികിത്സ തേടേണ്ട അവസരത്തിൽ തങ്ങൾ വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതായി ട്രാൻസ്ജെന്റർ പ്രതിനിധികൾ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ കലക്ടർ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.

date