Skip to main content

ശോചനീയാവസ്ഥയിലുള്ള എല്ലാ റോഡുകളും   നവീകരിക്കും : പി പി ചിത്തരഞ്ജൻ എംഎൽഎ 

 

ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തില്‍ ശോചനീയാവസ്ഥയിലുള്ള മുഴുവൻ റോഡുകളും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നവീകരിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎ. നഗരപാതാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപതു കോടി രൂപ ചെലവിൽ നിർമിക്കുന്ന ജില്ലാ കോടതി - പുന്നമട - കൊറ്റംകുളങ്ങര - തത്തംപള്ളി - തോണ്ടൻകുളങ്ങര  റോഡിന്‍റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

റോഡുകളുടെ ശോചനീയാവസ്ഥ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനു പുറമെ ടൂറിസം സാധ്യതകളെയും വള്ളംകളിയെയും ബീച്ച് ഫെസ്റ്റിവലിനെയും ബാധിക്കും. റോഡ് നവീകരണം ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തും. നവീകരണ ജോലികള്‍ ജനജീവിതത്തെ ബാധിക്കാത്ത രീതിയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. 

നഗരസഭാ ചെയർപേഴ്‌സൺ സൗമ്യാ രാജ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഗൗരി കാർത്തിക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. ബാബു, ആർ. വിനീത, എം.ആർ പ്രേം, നഗരസഭാ കൗൺസിലർമാരായ ജി. ശ്രീലേഖ, അമ്പിളി അരവിന്ദ്, മനു ഉപേന്ദ്രൻ, കൊച്ചുത്രേസ്യാമ്മ ടീച്ചർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എന്‍ജിനിയർ എ. ഷാഹി, വി.ബി അശോകൻ, എസ് സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.
 

date