Skip to main content

അനീതിയെ ജനകീയ സമരത്തിലൂടെ ചെറുക്കാമെന്ന തിരിച്ചറിവാണ് ഗുരുവായൂർ സത്യാഗ്രഹം പകർന്നു നൽകിയത്:  മുഖ്യമന്ത്രി 

ചൂഷണങ്ങൾക്കും അനീതിക്കുമെതിരെ ചെറുത്തുനിൽക്കാനുള്ള ശബ്ദമാണ് ജനകീയ സമരമെന്ന് തെളിയിച്ച ഒന്നാണ് ഗുരുവായൂർ സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നവോത്ഥാനത്തിന് ഊർജ്ജമായ ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമരത്തിന്റെ നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളിൽ ഒന്നാണ് ഗുരുവായൂർ സത്യാഗ്രഹം. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഈ സത്യാഗ്രഹ സ്മരണകൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നു. ഏത് അനീതിയെയും ജനകീയ സമരങ്ങളിലൂടെ ചെറുത്തു തോൽപ്പിക്കാം എന്ന വിശ്വാസം ജനങ്ങൾക്കുണ്ടായതും ഇത്തരം പോരാട്ടങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുണ്ടായ കർഷകരുടെയും തൊഴിലാളികളുടെയും മുന്നേറ്റത്തിന് കരുത്ത് പകരാൻ ഗുരുവായൂർ സത്യാഗ്രഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. സത്യാഗ്രഹം മുന്നോട്ടു വെച്ച ആശയം സമഗ്രതയിൽ ഊന്നിയ ഒന്നായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്ര സാഹിത്യ അക്കാദമി ഉന്നത ഫെല്ലോഷിപ്പ് ലഭിച്ച ഗുരുവായൂർ ദേവസ്വം മാസികയായ ഭക്തപ്രിയയുടെ ചീഫ് എഡിറ്റർ ഡോ.എം ലീലാവതിയെ  ചടങ്ങിൽ ആദരിച്ചു. പുറനാട്ടുകര രാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദയാണ് ആദരം അർപ്പിച്ചത്. സത്യാഗ്രഹ സ്മരണയുടെ നവതിയും ഗുരുവായൂർ ക്ഷേത്ര പുനരുദ്ധാരണം നടത്തിയതിന്റെ അമ്പതാം വാർഷികവുമടക്കം ഒരുവർഷം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി എൻ പ്രതാപൻ എം പി, എൻ കെ അക്ബർ എംഎൽഎ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ അഡ്വ.കെ ബി മോഹൻദാസ്, വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ, ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date