Skip to main content

ദേശീയ ആയുർവേദ ദിനാചരണവും കിരണം പദ്ധതി ജില്ലാതല ഉദ്ഘാടനവും ഇന്ന് (നവംബർ രണ്ട് ) 

ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെയും കോവിഡ് പ്രതിരോധത്തിന് സ്കൂൾ കുട്ടികൾക്കുള്ള കിരണം  ആയുർവേദ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇന്ന് ( നവംബർ രണ്ട്) നടക്കും. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ഓൺലൈനിൽ നടക്കുന്ന പരിപാടി ഉച്ചയ്ക്ക് 2 ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി പ്രൊഫ ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രൻ  എംഎൽഎ  അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ  ഹരിത വി കുമാർ എന്നിവർ മുഖ്യാതിഥികളാവും. 

പോഷണത്തിന് ആയുർവേദം എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടികൾ, ആരോഗ്യകരമായ ഭക്ഷണങ്ങളെ പരിചയപ്പെടുത്തുക തുടങ്ങിയ പരിപാടികൾ എല്ലാ പഞ്ചായത്തുകളിലെയും ആയുർവേദ ഡിസ്പെൻസറികൾ, ആശുപതികൾ കേന്ദ്രീകരിച്ച് നടത്തും. കൂടാതെ ആയുഷ് ജീവിത ശൈലികളും ഭക്ഷണ രീതികളും പ്രോത്സാഹിപ്പിക്കുന്ന നാഷണൽ ആയുഷ് മിഷൻ പദ്ധതിയായ  ആയുഷ് ഗ്രാമത്തിന്റെ നേതൃത്വത്തിൽ ഐ സി ഡി എസ്, അങ്കണവാടി എന്നിവരുമായി സഹകരിച്ച് ആയുർവേദത്തിലെ പോഷക ആഹാര രീതികൾ പരിചയപ്പെടുത്തും. ഫുഡ് ആർട്ട് ഫെസ്റ്റ്, പാചക മത്സരം എന്നിവയുമുണ്ടാകും. 

*കുട്ടികൾക്ക് കരുതലുമായി കിരണം പദ്ധതി 

കോവിഡ് പ്രതിരോധത്തിനായുള്ള സർക്കാരിന്റെ  കിരണം പദ്ധതിക്ക് ജില്ലയിൽ ഇന്ന് തുടക്കം കുറിക്കും.
സർക്കാർ ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവിടങ്ങളിലെ ആയുർ രക്ഷാ ക്ലിനിക്കുകൾ വഴിയാണ് നടപ്പിലാക്കുക. ഓരോ കുട്ടികളുടെയും ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടറുടെ മേൽനോട്ടത്തിൽ പ്രത്യേക മരുന്നുകൾ നൽകാനാണ് നിർദ്ദേശം. കുട്ടികൾക്കുള്ള യോഗയും ഉൾപ്പെടുത്തിയിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതത്തോടെ എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിലാകും നടപ്പാക്കുക. ഭാരതീയ ചികിത്സാ വകുപ്പ്,  നാഷണൽ ആയുഷ് മിഷൻ, ആയുർവേദ കോളേജുകൾ എന്നിവയുടെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കി ജില്ലാ ആയുർവേദ കോവിഡ് റെസ്പോൺസ് സെല്ലിന്റെ ഏകോപനത്തിലാകും പദ്ധതി നടക്കുക.

date