Skip to main content

സ്‌കൂൾ തുറക്കൽ ആഘോഷമാക്കി "തിരികെ തലേന്ന്" : ആശംസകളർപ്പിച്ച് മന്ത്രി

ദീർഘകാലത്തെ അടച്ചിടലിന് ശേഷം വീണ്ടും തുറക്കുമ്പോൾ ഉത്സവ പ്രതീതിയിലാണ് ജില്ലയിലെ വിദ്യാലയങ്ങൾ. കുട്ടികളെ വിദ്യാലയങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതിന് മുന്നോടിയായി കണിമംഗലം എസ് എൻ ബി എച്ച് എസ് വിദ്യാലയത്തിൽ ''തിരികെ തലേന്ന്, അതിജീവനത്തിന്റെ ഉത്സവം'' എന്ന പേരിൽ സാംസ്കാരികോത്സവം സംഘടിപ്പിച്ചു. സ്കൂൾ മുറ്റത്ത് ഒരുക്കിയ വേദിയിൽ നടന്ന ആഘോഷ പരിപാടികൾ റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവി മുരുകൻ കാട്ടാക്കട വിശിഷ്ട അതിഥിയായി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒന്നരവർഷത്തോളം മനുഷ്യർ അകന്നിരുന്നപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെ ആണെന്ന് മന്ത്രി അഭിപ്രായപെട്ടു. പരിമിതികൾക്കിടയിലും വിക്ടേഴ്സ് ചാനൽ വഴിയും ഓൺലൈൻ വഴിയും പൊതുവിദ്യാഭ്യാസം തുടരാൻ കഴിഞ്ഞത് മാതൃകാപരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. തന്റെ കവിതകൾ പാടി വിശിഷ്ടാതിഥി മുരുകൻ കാട്ടാക്കട സദസ് പൂർണമാക്കി.
വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധമാണ് വിദ്യാഭ്യാസത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു.

മാനവികതയിൽ ഊന്നിയതാകണം വിദ്യാഭ്യാസം എന്ന് എസ് എൻ സ്‌കൂളുകളുടെ കോർപറേറ്റ് മാനേജർ സ്വാമി ശുഭാoഗാനന്ദ മുഖ്യ പ്രഭാഷണത്തിനിടെ പറഞ്ഞു. എസ് എൻ ബി എച്ച് എസ് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ടി കെ രാധാകൃഷ്ണൻ രചിച്ച ''വയലറ്റ് പൂക്കളുടെ ഋതുകാന്തി'' എന്ന പുസ്തകം പരിപാടിയിൽ പ്രകാശനം ചെയ്തു. തുടർന്ന് ജില്ലയുടെ പ്രവേശന ഉത്സവത്തിനായി തുളസി കെ കെ, രാധിക സനോജ് എന്നിവർ രചിച്ച പ്രവേശനഗാനങ്ങൾ വേദിയിൽ അവതരിപ്പിച്ചു. തൈവമക്കൾ നാടൻ പാട്ട് സംഘം അവതരിപ്പിച്ച ഗാനോത്സവം  ശ്രദ്ധേയമായി.  

തൃശൂർ മേയർ എം കെ വർഗീസ് അധ്യക്ഷനായ ചടങ്ങിൽ  തൃശൂർ കോർപറേഷൻ കൗൺസിലർ ജയപ്രകാശ് പൂവത്തിങ്കൽ, സാഹിത്യകാരൻമാരായ ഡോ. രാവുണ്ണി,  എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, രാധിക സനോജ്, വിദ്യാഭ്യാസ ഉപഡയറക്ടർ  ടി വി മദന മോഹനൻ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ പി വി മനോജ്‌ കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ തൃശൂർ വെസ്റ്റ് എ കെ അജിത കുമാരി, പ്രധാന അധ്യാപിക രാജി കെ ആർ തുടങ്ങിയവർ പങ്കെടുത്തു.

date