Skip to main content

സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ - കരട് വോട്ടർ പട്ടിക നവംബർ ഒന്നിന് പ്രസിദ്ധീകരിക്കും

2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയാകുന്ന എല്ലാ പൗരൻമാർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് പുതിയഅപേക്ഷ സ്വീകരിക്കൽ,  വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകർക്ക് പട്ടികയിലുള്ള വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്തുന്നതിനും പോളിംഗ് സ്റ്റേഷൻ മാറ്റുന്നതിനും അപേക്ഷ സ്വീകരിക്കൽ എന്നിങ്ങനെ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്ക് മുന്നോടിയായി കരട് വോട്ടർ പട്ടിക നവംബർ 1 ന് പ്രസിദ്ധീകരിക്കും. തൃശ്ശൂർ ജില്ലയിൽ ഇപ്രകാരം വോട്ടർ പട്ടിക പുതുക്കൽ നടപടികളോടനുബന്ധിച്ച് ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളോ മറ്റോ ഉണ്ടെങ്കിൽ ആയത് പരിഹരിക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. ആക്ഷേപങ്ങളും പരാതികളും 2021 നവംബർ 1 മുതൽ നവംബർ 30 വരെ സ്വീകരിക്കും. ഇവയിൽ പരിഹാരനടപടികൾ പൂർത്തീകരിച്ച് അന്തിമ വോട്ടർ പട്ടിക 2022 ജനുവരി 5 ന് പ്രസിദ്ധീകരിക്കും. 
ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും ചില ബൂത്തുകളിൽ ഇവരുടെ പ്രവർത്തനം സംബന്ധിച്ച് ആക്ഷേപം ഉള്ളതായും ആയത് കൃത്യമായി പരിഹരിക്കപ്പെടണമെന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു. ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനം പരാതിക്കിടയില്ലാതെ കുറ്റമറ്റ രീതിയിൽ നടക്കുന്നുവെന്നത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ ഉറപ്പുവരുത്തണമെന്ന് നിർദേശം നൽകി. ഒരു സമ്മതിദായകൻ പോലും ഒഴിവാക്കപ്പെടരുത് എന്ന ആപ്തവാക്യം മുൻനിർത്തി ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ, ട്രൈബൽ വിഭാഗങ്ങൾ, പ്രവാസികൾ, സർവീസ് വോട്ടർമാർ, യുവജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിങ്ങനെ ജീവിതത്തിൻ്റെ സമസ്തമേഖലയിലുള്ള എല്ലാ സമ്മതിദായകരെയും ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ നടപടികൾ സ്വീകരിക്കുന്നത്. വോട്ടേഴ്സ് ഹെൽപ്പ് ലൈൻ എന്ന ആപ്പ് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് സ്വന്തമായും സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ സംബന്ധിച്ച് വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിച്ച് നടപടികൾ സ്വീകരിക്കുന്നതിനും കഴിയുന്നതാണ്.

date