Skip to main content

അതിജീവനത്തിന്റെ ഉത്സവത്തിന് ഒരുങ്ങി എളവള്ളിയിലെ വിദ്യാലയങ്ങള്‍ 

നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഠനമുറികളിലെത്തുന്ന കുരുന്നുകളെ സ്വീകരിക്കാന്‍ എളവള്ളിയിലെ വിദ്യാലയങ്ങള്‍ ഒരുങ്ങി. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്തിലെ പ്രധാനധ്യാപകരുടെ യോഗത്തില്‍ വിദ്യാലയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി കിണറുകള്‍ അണുവിമുക്തമാക്കുന്നതിനും വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. വിദ്യാലയ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്‌കൂള്‍ വാഹനങ്ങളുടെയും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളുടെയും ഇന്‍ഷൂറന്‍സ്, ടാക്‌സ് എന്നിവ പരിശോധിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കളിമുറ്റം ഒരുക്കാം എന്ന പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി സ്‌കൂള്‍ പരിസരങ്ങള്‍ നേരത്തെതന്നെ വൃത്തിയാക്കിയിരുന്നു. കെട്ടിടങ്ങള്‍ പുതുതായി പെയിന്റിങ്ങ്, റിപ്പയറിങ്ങ് എന്നിവ നടത്തുന്നതില്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ശൗചാലയങ്ങള്‍, ഭക്ഷണം നിര്‍മാണശാലകള്‍ എന്നിവിടങ്ങളിലെ ശുചിത്വവുമായി ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവും അണുവിമുക്തമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ആര്‍ആര്‍ടിമാരുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ് നല്‍കുന്ന സോഡിയം ഹൈപ്പോ ക്ലോറൈറ്റ് തളിച്ചിട്ടുണ്ട്. കൂടാതെ എളവള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ നേരിട്ട് അണുനശീകരണം നടത്തി. കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായുള്ള ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ഗുളികകള്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തുവരുന്നുണ്ട്. ഓരോ സ്‌കൂളുകളിലേക്കും സാനിറ്റൈസര്‍, മാസ്‌ക്, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യും. ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളും പ്രസിഡന്റ് ജിയോ ഫോക്‌സ്, വികസന സമിതി ചെയര്‍മാന്‍ കെ ഡി വിഷ്ണു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി സി മോഹനന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അതിജീവനത്തിന്റെ ഉത്സവം പഞ്ചായത്തുതലത്തില്‍ നവംബര്‍ ഒന്ന് രാവിലെ 10ന് ചിറ്റാട്ടുകര സെന്റ്. സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

date