Skip to main content

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വിദ്യാലയങ്ങള്‍ നാളെ (നവംബര്‍ ഒന്ന്) തുറക്കും

ഒന്നര വര്‍ഷത്തിലേറെ നീണ്ട അടച്ചിടലിന് വിരാമമിട്ട് വിദ്യാലയങ്ങളില്‍ നാളെ അധ്യയനത്തിന് തുടക്കം. ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി വിപുലമായ ഒരുക്കങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.  വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം മികച്ച മുന്നൊരുക്കങ്ങളാണ് നടത്തിയത്. ജില്ലയില്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചുചേര്‍ത്തു. ഓരോ വകുപ്പും നേരിട്ടേറ്റെടുത്തു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല നല്‍കി. യാത്രാപ്രശ്നം, ഫിറ്റ്‌നസ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ആര്‍ടിഒ, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ യോഗവും ജില്ലാഭരണകൂടം വിളിച്ചു ചേര്‍ത്തു.  ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. വിവിധ തദ്ദേശസ്ഥാപന പ്രതിനിധികളും വിദ്യാഭ്യാസ ഓഫീസര്‍മാരും വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ സെക്രട്ടറിമാരും വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കി. 

വിദ്യാലയങ്ങള്‍ തുറക്കുന്ന നവംബര്‍ ഒന്നിന് തന്നെ ഉച്ചഭക്ഷണ വിതരണ പരിപാടിയും ആരംഭിക്കും. നൂണ്‍മില്‍ സൂപ്പര്‍വൈസര്‍മാരുടേയും ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ സ്‌കൂള്‍ സന്ദര്‍ശനമുള്‍പ്പടെയുള്ളവ പൂര്‍ത്തിയായി വരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടേയും പൊലീസ് അധികാരികളുടേയും നമ്പറുകള്‍ വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ആറോളം വിദ്യാലയങ്ങള്‍ക്ക് നോട്ടീസ് ലഭ്യമായിട്ടുണ്ട്. ഈ വിദ്യാലയങ്ങള്‍ താല്‍ക്കാലികമായി അവിടെ തന്നെ പ്രവര്‍ത്തിക്കും. തുടര്‍ന്നുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും.

ഹാന്റ് വാഷ്, സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജില്ലയ്ക്ക് മാത്രമായി 22,89,500/ രൂപ ഈയിനത്തില്‍ വകയിരുത്തിയിട്ടുണ്ട്. ഹാന്റ് വാഷ് ഉണ്ടാക്കാനുള്ള പരിശീലനവും ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് നല്‍കി. ശാസ്ത്രകാരന്‍  എതിരന്‍ കതിരവന്‍ കുട്ടികളോട് സംസാരിക്കുന്ന ഒരു പരിപാടി കൂടി ശാസ്ത്രരംഗത്തിന് കീഴില്‍ സംഘടിപ്പിച്ചു.

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കാന്‍ ആലോചിക്കുന്നതിന് മുമ്പു തന്നെ വിദ്യാലയങ്ങള്‍ ശുചീകരിക്കാന്‍ ആദ്യം തീരുമാനമെടുത്ത ജില്ലയാണ് തൃശൂര്‍. ഇതിന്റെ ഭാഗമായി ജില്ലാപഞ്ചായത്തും കേരള ശുചിത്വ മിഷനും ചേര്‍ന്ന് 'കളിമുറ്റമൊരുക്കാം' എന്ന പരിപാടിക്ക് രൂപം നല്‍കി. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച പദ്ധതിയിലൂടെ  ബഹുജനപങ്കാളിത്തത്തോടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സ്പീക്കര്‍ എം.ബി. രാജേഷാണ് നിര്‍വ്വഹിച്ചത്. ഒക്ടോബര്‍ 2 മുതല്‍ 8 വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, ഒക്ടോബര്‍ മാസത്തില്‍ ഹയര്‍സെക്കന്ററി പരീക്ഷ നടന്ന വിദ്യാലയങ്ങള്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ചു കൂടി സമയം അനുവദിച്ചു നല്‍കി.  ഒക്ടോബര്‍ 28ന് ജില്ലയിലെ വിദ്യാലയങ്ങള്‍ സമ്പൂര്‍ണ്ണമായും ശുചീകരിച്ചതിന്റെ പ്രഖ്യാപന സമ്മേളനം കോടാലി ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്നു. സമ്പൂര്‍ണ്ണ വിദ്യാലയ ശുചീകരണ പ്രഖ്യാപനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കോവിഡ് കാലത്തെ സ്‌കൂള്‍ വിദ്യാഭ്യാസം സംബന്ധിച്ച അദ്ധ്യാപകരുടെ പരിശീലനങ്ങളും പൂര്‍ത്തിയായി. അക്കാദമിക മാര്‍ഗ്ഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

'തിരികെ തലേന്ന്' എന്നൊരു പ്രത്യേക പരിപാടിയും ജില്ലയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് (ഒക്ടോബര്‍ 31) കണിമംഗലം  എസ് എന്‍ ബി എച്ച് എസില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി റവന്യൂമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും.  മേയര്‍ എം കെ വര്‍ഗ്ഗീസ് അധ്യക്ഷനായിരിക്കും. കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയാകും. ജില്ലാതലത്തില്‍ നടക്കുന്ന പ്രവേശനോത്സവം ഉന്നതവിദ്യാഭ്യാസ - സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പ്രൊഫ ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. അമ്മാടം സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലും ഗവ എല്‍പി സ്‌കൂളിലുമായി നടക്കുന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനാകും.  ടി എന്‍ പ്രതാപന്‍ എംപി, സി സി മുകുന്ദന്‍ എംഎല്‍എ, ജയരാജ് വാര്യര്‍ എന്നിവര്‍ പങ്കെടുക്കും.

date