Skip to main content

സ്‌കൂള്‍ തുറക്കല്‍, പ്രത്യേക ജാഗ്രത തുടരണം ; ജില്ലാ വികസന സമിതി  

സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ് ബാധിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ അധ്യാപകര്‍ക്കും രക്ഷാകര്‍തൃസമിതികള്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കി ജില്ലാ വികസന സമിതി. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ ഉണ്ടാകണം. കോവിഡ് മഹാമാരിയുടെ ഗൗരവം കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും വികസന സമിതിയില്‍ നിര്‍ദ്ദേശമുയര്‍ന്നു. 

സ്‌കൂളിലെ ശുചിത്വം ഉറപ്പുവരുത്തണം. ഫിറ്റ്‌നസ് ഉറപ്പുവരുത്താനുള്ള വിദ്യാലയങ്ങളുടെ പട്ടിക കൃത്യമായി പരിശോധിച്ച് പിന്തുടരണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്താന്‍ കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിനായി നടപടിയെടുക്കാനും തീരുമാനിച്ചു. 

ജില്ലയില്‍ പട്ടയം നല്‍കുന്ന നടപടിക്രമങ്ങള്‍ക്ക് വേഗം കൂട്ടാന്‍ നവംബര്‍ അവസാനവാരം റവന്യൂ വകുപ്പ് ഡിജിറ്റല്‍ ഡാഷ് ബോര്‍ഡ് സംവിധാനം നടപ്പിലാക്കും. ഇതിലൂടെ താലൂക്കുകളിലും വില്ലേജുകളിലും പട്ടയ വിതരണ വിവരങ്ങളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും സാധിക്കും. ഇതോടൊപ്പം ഡിജിറ്റല്‍ സര്‍വേ നടപടികള്‍ക്കായുള്ള ശ്രമമാരംഭിച്ചതായും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. 

മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ ആശങ്കയില്ലെന്നും ഡാമുകളുടെ സ്ഥിതി സാധാരണ നിലയിലാണെന്നും കലക്ടര്‍ വ്യക്തമാക്കി. പുഴകളുടെ നിലവിലെ സ്ഥിതി സാധാരണഗതിയിലാണ്. എന്നാല്‍ പുഴയിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത തുടരുമെന്നും കലക്ടര്‍ അറിയിച്ചു. 
 
മഴ മാറിയാല്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. നിലവിലുള്ള പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ ഡി ഐ സി സി കമ്മിറ്റിയില്‍ സംസ്ഥാന പ്രതിനിധിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. റോഡുകള്‍ അടച്ചിടാതെ പണി പൂര്‍ത്തീകരിക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് മുന്നോട്ടുപോകാനും തീരുമാനിച്ചു.

ജലസേചന വകുപ്പുകളുടെ മേജര്‍, മൈനര്‍ വിഭാഗത്തിലുള്ള 57 ഓളം പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡരികിലെ മണ്ണ് വാങ്ങി പദ്ധതികള്‍ക്ക് ഉപയോഗിക്കാന്‍ സന്നദ്ധമാണെന്നും ജലസേചന വകുപ്പ് രണ്ടു വിഭാഗങ്ങളും അറിയിച്ചു.  

തീരദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തും. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി പലയിടത്തും വെള്ളം പാഴാവുന്ന സാഹചര്യത്തില്‍ ത്വരിതഗതിയില്‍ നടപടിയെടുക്കണമെന്നും ബന്ധപ്പെട്ടവരോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു. കോള്‍ മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന എം എല്‍ എ മാരുടെ ആവശ്യപ്രകാരം തിരുവനന്തപുരത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഉന്നതതല യോഗം ചേരും.

റേഷന്‍ കാര്‍ഡ് മുന്‍ഗണന ലഭിക്കേണ്ടവര്‍ക്ക് അര്‍ഹത നിര്‍ണയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ ഉത്തരവ് നിലവില്‍ വരുമെന്ന് ജില്ലാ സപ്ലൈസ് ഓഫീസര്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാന പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്  കെ എസ് ടി പി ഉദ്യോഗസ്ഥരുമായി പ്രത്യേക യോഗം ചേരും. ജില്ലയില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് വകുപ്പു മേധാവി യോഗത്തെ അറിയിച്ചു. ജില്ലയിലെ പൊലീസ് എയ്ഡ് പോസ്റ്റുകളില്‍ പൊലീസ് സേവനം കാര്യക്ഷമമാക്കും. മെഡിക്കല്‍ കോളേജില്‍ ട്രോമ കെയറിന്റെ  പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യും.

എം എല്‍ എ മാരായ എന്‍ കെ അക്ബര്‍, പി ബാലചന്ദ്രന്‍, ഇ ടി ടൈസണ്‍, സി സി മുകുന്ദന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെപ്പറ്റി വിശദീകരണം നടത്തി. ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍ കെ ശ്രീലത, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date