Skip to main content

കുടുംബശ്രീയില്‍ യുവതികളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഓക്‌സിലറി ഗ്രൂപ്പുകള്‍ 

18 നും 40 നും ഇടയില്‍ പ്രായമുളള യുവതികളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമാകുന്നു.  നവംബര്‍ 1 ന് കേരള പിറവി ദിനത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലും ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു.  സ്ത്രീ ശാക്തീകരണത്തിനും  യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും അതുവഴി സാമൂഹ്യ ഉന്നമനത്തിനും ഉതകുന്ന ഒരു വേദി യുവതികള്‍ക്കായി ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ ആരംഭിക്കുന്ന കുടുംബശ്രീ ഓക്‌സിലറി  ഗ്രൂപ്പുകളുടെ രൂപീകരണത്തിനായുളള ജില്ലാതല ക്യാമ്പയിന്‍ തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ആരംഭിച്ചു.

നിലവില്‍ കുടുംബശ്രീ അംഗങ്ങളില്‍ 18 നും 40 നും ഇടയില്‍ പ്രായമുളളവര്‍ വെറും 10% മാത്രമാണ്.  ആയതിനാല്‍ കുടുംബശ്രീ  നടപ്പിലാക്കുന്ന പല പദ്ധതിക്കും ഗുണഫലം കുടുംബശ്രീയില്‍ അംഗമല്ലാത്ത ഒരു വലിയ വിഭാഗം യുവതികള്‍ക്ക് ലഭ്യമാകാതെ പോകുന്നു.  നിലവില്‍ ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമാണ് കുടുംബശ്രീ അംഗത്വം ലഭിക്കുന്നത്.  ഈ സാഹചര്യത്തിലാണ് കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗമല്ലാത്ത യുവതികള്‍ക്കും പലവിധ കാരണങ്ങളാല്‍ കുടുംബശ്രീ അംഗത്വം ഇല്ലാത്ത 18 നും 40 നും ഇടയില്‍  പ്രായമുളള യുവതികളെ അംഗങ്ങളാക്കിയുളള കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുളളത്.  നവംബര്‍ 1 തൃശൂര്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനായുളള തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ക്യാമ്പയിന്‍ ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

ഒരു കുടുംബത്തിലെ 18 നും 40 നും ഇടയില്‍ പ്രായമുളള ഒന്നിലധികം വനിതകള്‍ക്ക് ഓക്‌സിലറി ഗ്രൂപ്പില്‍ അംഗത്വമെടുക്കാം. എന്നാല്‍ നിലവില്‍ കുടുംബശ്രീ അംഗമായ യുവതികള്‍ ഈ ഗ്രൂപ്പില്‍ പ്രത്യേകം അംഗത്വമെടുക്കേണ്ടതില്ല. അംഗത്വമെടുക്കുന്ന ഓരോ അംഗവും പ്രവര്‍ത്തന ഫണ്ടായി ഓരോ മാസവും നിശ്ചിത തുക (കുറഞ്ഞത് 10/- രൂപ) ഗ്രൂപ്പിന് നല്‍കേണ്ടതാണ്.  മാസത്തില്‍ കുറഞ്ഞത് 2 തവണ ഗ്രൂപ്പുകള്‍ യോഗം ചേരേണ്ടതാണ്.  ഒരു ഗ്രൂപ്പില്‍ പരമാവധി അംഗസംഖ്യ 50 ആയിരിക്കും.  50 ല്‍ കൂടുന്ന സാഹചര്യത്തില്‍  2 ഗ്രൂപ്പുകള്‍ രൂപീകരിക്കാം.

ഓരോ ഗ്രൂപ്പിനും ഗ്രൂപ്പ് അംഗത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരു ടീം ലീഡര്‍ ഉണ്ടായിരിക്കും.  ടീം ലീഡറെ കൂടാതെ ഫിനാന്‍സ്, കോ-ഓര്‍ഡിനേഷന്‍, സാമൂഹ്യ വികസനം, ഉപജീവനം എന്നീ 4 ടീം അംഗങ്ങള്‍ കൂടി ഭാരവാഹികളായി ഉണ്ടാകും.  ഇപ്രകാരം തെരഞ്ഞെടുത്ത ഭാരവാഹികളുടെ കാലാവധി ഒരു വര്‍ഷമായിരിക്കും.  ടീം ലീഡര്‍, ടീം അംഗം (ഫിനാന്‍സ്) എന്നിവരുടെ പേരില്‍ ഗ്രൂപ്പിന് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യണം.ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലും 8 നഗരസഭകളിലുമായി 1789 ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനും അതുവഴി 90000 ഓളം യുവതികളെ ഓക്‌സിലറി ഗ്രൂപ്പില്‍ അംഗമാക്കാനുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

date