Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 08-11-2021

വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി വാഹന വായ്പ നല്‍കുന്നു. ഓട്ടോറിക്ഷ, ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുള്ള കമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക. ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. വായ്പാ തുക പരമാവധി പത്ത് ലക്ഷം രൂപ. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വേണം. വായ്പാ തുക അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനവും അതിനു മുകളില്‍ എട്ട് ശതമാനവുമാണ് പലിശ നിരക്ക്. 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം.
കൂടാതെ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ-ഓട്ടോ വാങ്ങുന്നതിനായി പ്രത്യേക വായ്പ നല്‍കുന്നു.  മൂന്ന് ലക്ഷം രൂപ വരെ നല്‍കുന്ന വായ്പക്ക് ആറ് ശതമാനമാണ് പലിശ നിരക്ക്. സര്‍ക്കാരിന്റെ 30,000 രൂപ സബ്‌സിഡിയും ലഭിക്കും. താല്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036,  9447691258.

ഗസ്റ്റ് ലക്ചറര്‍ നിയമനം

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷം ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു. യോഗ്യത അതത് വിഷയത്തില്‍ എംഎസ്‌സി. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധികയോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം gpckannur@gmail.com ല്‍ അയക്കണം. തെരഞ്ഞെടുക്കുന്നവര്‍ക്കുള്ള എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും തോട്ടട ഗവ.പോളിടെക്‌നിക്ക് കോളേജില്‍ നവംബര്‍ 11ന് രാവിലെ 10 മണിക്ക് നടക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് gptckannur.ac.in സന്ദര്‍ശിക്കുക.

സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

കണ്ണൂര്‍ ആര്‍ ഐ സെന്റര്‍ മുഖേന അപ്രന്റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കി പരീക്ഷ പാസായ 2018 മെയ് വരെയുള്ള ഉദേ്യാഗാര്‍ഥികളുടെ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുവാന്‍ ബാക്കിയുള്ളവര്‍ നവംബര്‍ 30നകം തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ട് വന്ന് ആര്‍ ഐ സെന്ററില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് അസി.അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍ അറിയിച്ചു. ഫോണ്‍: 0497 2704588.

പാരമ്പരേ്യതര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് താലൂക്ക് ഇരിക്കൂര്‍ വില്ലേജിലെ ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രം, മയ്യില്‍ വില്ലേജിലെ തൃക്കപാലേശ്വരം ദുര്‍ഗ്ഗാ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ  ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ  ഓഫീസില്‍ നവംബര്‍ 30ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.

അഭിമുഖം നവംബര്‍ 15ന്

ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂരില്‍ ബേക്കറി & കണ്‍ഫെക്ഷനറി വിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡെമോണ്‍സ്‌ട്രേറ്ററെ നിയമിക്കുന്നു. അംഗീകൃത ത്രിവത്സര ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ / ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 15ന് രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിമുഖത്തിന് ഹാജരാകണം.

കെല്‍ട്രോണ്‍: വിവിധ കോഴ്‌സുകളില്‍ പ്രവേശനം

കെല്‍ട്രോണ്‍ കോഴിക്കോട് നോളജ് സെന്ററില്‍ ആരംഭിക്കുന്ന പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സോഫ്റ്റ്വെയര്‍ ടെസ്റ്റിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മെഷീന്‍ ലേര്‍ണിങ് യൂസിങ് പൈതണ്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിങ് വിത്ത് ഇ ഗാഡ്‌ജെറ്റ് ആ്ന്റ് ലാപ്‌ടോപ്പ്, അനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ്, ഫയര്‍ ആന്റ് സേഫ്റ്റി - എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 8590605275

റാങ്ക് പട്ടിക റദ്ദായി

ജില്ലാ സഹകരണ ബാങ്കില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (പാര്‍ട്ട് 1,  009/2015) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ഫെബ്രുവരി എട്ടിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ നീട്ടിയ കാലാവധി 2021 ആഗസ്ത് നാലിന് അവസാനിച്ചതിനാല്‍ പട്ടിക റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍(എന്‍സിഎ-എസ്ടി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 302/2017) തെരഞ്ഞെടുപ്പിനായി 2021 സെപ്തംബര്‍ 22ന്  നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമന ശുപാര്‍ശ ചെയ്തതിനാല്‍ റാങ്ക് പട്ടിക ഒക്ടോബര്‍ 13 മുതല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

സ്‌പോട്ട് പ്രവേശനം

തൊഴില്‍വകുപ്പിനു കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ക്കാര്‍ക്ക് അവസരം. ജില്ലാ  പഞ്ചായത്ത് മിനി ഹാളില്‍ നവംബര്‍ 10 ബുധനാഴ്ച സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അഞ്ചാം ക്ലാസ്സു മുതല്‍ എന്‍ജിനീയറിങ് വരെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/ വിലാസവും തിരിച്ചറിയലും സാക്ഷ്യപ്പെടുത്തുന്ന അംഗീകൃത രേഖ, അഞ്ഞൂറു രൂപ എന്നിവ സഹിതം രാവിലെ 10 മണിക്ക് എത്തിച്ചേരണം. കോഴ്‌സുകളും അടിസ്ഥാനയോഗ്യതയും യഥാക്രമം
മൂന്നുമാസ ടെക്നിഷ്യന്‍ കോഴ്‌സുകള്‍: പ്ലംബര്‍ ജനറല്‍ ലെവല്‍ നാല് (പത്താം ക്ലാസ്സ് ), അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍ ലെവല്‍ മൂന്ന് (പത്താം ക്ലാസ്സ്), കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡ് ലബോറട്ടറി ടെക്നിഷ്യന്‍ ലെവല്‍ നാല് (പത്താം ക്ലാസ്സ്), കണ്‍സ്ട്രക്ഷന്‍ പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ലെവല്‍ മൂന്ന് (അഞ്ചാം ക്ലാസ്സ്), ബാര്‍ ബെന്‍ഡര്‍ ആന്‍ഡ് സ്റ്റീല്‍ ഫിക്‌സര്‍ (അഞ്ചാം ക്ലാസ്സ്), അസിസ്റ്റന്റ് സര്‍വേയര്‍ (അഞ്ചാം ക്ലാസ്സ്)

ആറുമാസ സൂപ്പര്‍വൈസറി കോഴ്‌സുകള്‍: ക്വാളിറ്റി ടെക്നിഷ്യന്‍ (ഡിപ്ലോമ സിവില്‍), പ്ലംബര്‍ ഫോര്‍മാന്‍ ലെവല്‍ അഞ്ച് (പ്ലസ് ടു),  അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ്/ജിപിഎസ് (സയന്‍സ് ബിരുദം, ബി എ ജോഗ്രഫി, ബി.ടെക് സിവില്‍).
ഒരുവര്‍ഷ സൂപ്പര്‍വൈസറി  കോഴ്‌സുകള്‍: അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (പ്ലസ് ടു).
ഒരുവര്‍ഷ മാനേജീരിയല്‍ കോഴ്‌സുകള്‍: പി ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് (ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പി ജി ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ബി ടെക് സിവില്‍ /ബി ആര്‍ക്ക്), പി ജി ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ് (ബി ടെക് സിവില്‍/ബി ആര്‍ക്ക്), പി ജി ഡിപ്ലോമ ഇന്‍ ഫെസിലിറ്റീസ് ആന്‍ഡ് കോണ്‍ട്രാക്ട് മാനേജ്മെന്റ് (ബിരുദം), പി ജി ഡിപ്ലോമ ഇന്‍ റീറ്റെയ്ല്‍ മാനേജ്മെന്റ് (ബിരുദം.)

ആറുമാസ മാനേജീരിയല്‍ കോഴ്‌സുകള്‍: പ്രൊഫഷണല്‍ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, സൈറ്റ് സൂപ്പര്‍വൈസര്‍ (ബി ടെക് സിവില്‍, ബി ആര്‍ക്ക്)
സ്‌പോട്ട് പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ 8078980000, 9188524845  എ്ന്നീ നമ്പറുകളില്‍ ബുക്ക് ചെയ്യുക. വെബ്സൈറ്റ്: www.iiic.ac.in

ലെവല്‍ക്രോസ് അടച്ചിടും

കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള തളിപ്പറമ്പ് - ചെറുകുന്ന് കോണ്‍വെന്റ് ഗേറ്റ് റോഡിലെ 253-ാം നമ്പര്‍ റെയില്‍വെഗേറ്റ് നവംബര്‍ 16ന് രാവിലെ എട്ട് മണി മുതല്‍ 25ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

രേഖകള്‍ ഹാജരാക്കണം

നവംബര്‍ 25 മുതല്‍ തുടങ്ങുന്ന ഓണ്‍ലൈന്‍ ടൈമിങ്ങ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടവരോ അവരുടെ പ്രതിനിധികളോ അതിനായുള്ള അധികാരപത്രം പെര്‍മിറ്റ്, ആര്‍ സി, ടൈംഷീറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, വാട്‌സ് ആപ്പ് നമ്പര്‍ എന്നിവ രേഖപ്പെടുത്തി നവംബര്‍ 22നകം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഹാജരാക്കണമെന്ന്് ആര്‍ടിഒ അറിയിച്ചു. അധികാരപത്രം സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയുള്ളൂ.

ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ നവംബര്‍ 11,12 തീയതികളില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

തലശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളായ  ബി ഇ എം പി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മെയ് മാസം നടന്ന കെ -ടെറ്റ്  പരീക്ഷ വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ 10 മുതല്‍ തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.  
നവംബര്‍ 10 - രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കാറ്റഗറി ഒന്ന്  രജിസ്റ്റര്‍ നമ്പര്‍ 501662 മുതല്‍  501799 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ നമ്പര്‍ 501800  മുതല്‍ 501974 വരെ.
11ന് - രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കാറ്റഗറി ഒന്ന്  രജിസ്റ്റര്‍ നമ്പര്‍ 501975 മുതല്‍  502060 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ നമ്പര്‍ 502061  മുതല്‍ 502150 വരെ.
12ന് -  രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കാറ്റഗറി രണ്ട്  രജിസ്റ്റര്‍ നമ്പര്‍ 601260 മുതല്‍  601440 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ നമ്പര്‍ 601441  മുതല്‍ 601583  വരെ.
15ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ - കാറ്റഗറി മൂന്ന്്  രജിസ്റ്റര്‍ നമ്പര്‍ 702552 മുതല്‍  702781 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ - രജിസ്റ്റര്‍ നമ്പര്‍ 702786  മുതല്‍ 702951 വരെ.
16ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ - കാറ്റഗറി മൂന്ന്്  രജിസ്റ്റര്‍ നമ്പര്‍ 702952 മുതല്‍  703106 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ - രജിസ്റ്റര്‍ നമ്പര്‍ 703107  മുതല്‍ 703172 വരെ.
17ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ - കാറ്റഗറി നാല് രജിസ്റ്റര്‍ നമ്പര്‍ 800922 മുതല്‍  801013 വരെ, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ - രജിസ്റ്റര്‍ നമ്പര്‍ 801019  മുതല്‍ 801122 വരെ.
മുന്‍ വര്‍ഷങ്ങളിലെ കെ ടെറ്റ് പരീക്ഷ വിജയിച്ചവര്‍ക്കും ബന്ധപ്പെട്ട കാറ്റഗറികള്‍ക്ക് അനുവദിക്കപ്പെട്ട ദിവസങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകാവുന്നതാണ്.  അസ്സല്‍ കെ -ടെറ്റ് ഹാള്‍ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പരിശോധനക്ക് ഹാജരാകണം. മാര്‍ക്കില്‍ ഇളവുണ്ടായിരുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഹാജരാക്കണം.  ഫോണ്‍: 0490 2320182.

കെല്‍ട്രോണില്‍ ജേണലിസം കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ കോഴിക്കോട് സെന്ററില്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക്  വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി  അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ 20. വിലാസം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, അംബേദ്കര്‍  ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍: 9544958182, 8137969292.

അധ്യാപക നിയമനം

പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കെമിസ്ട്രി  ജൂനിയര്‍, ബോട്ടണി ജൂനിയര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  കൂടിക്കാഴ്ച നവംബര്‍ 11ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

നെടുങ്ങോം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇക്കണോമിക്‌സ് ജൂനിയര്‍ അധ്യാപകന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ നവംബര്‍ 12 ന് രാവിലെ 10  മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.
 

date