Skip to main content

സാക്ഷരത മികവുത്സവം: 847 പഠിതാക്കൾ പങ്കെടുത്തു

 

 

 

 നാലാം തരം തുല്യത പഠനത്തിന് രജിസ്റ്റർ ചെയ്യാൻ സാക്ഷരത മിഷൻ നടത്തുന്ന  പ്രവേശന പരീക്ഷയായ മികവുത്സവത്തിൽ  ഉദ്ഘാടന ദിനത്തിൽ ജില്ലയിലെ 847 പഠിതാക്കൾ പരീക്ഷയെഴുതി.  ചക്കിട്ടപ്പാറ പരീക്ഷാ കേന്ദ്രത്തിൽ ചോദ്യപ്പേപ്പർ വിതരണം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി മികവുത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.

 ആദ്യ ദിന പരീക്ഷയിൽ 149 പുരുഷന്മാരും 698 വനിതകളുമാണ് പങ്കെടുത്തത്.  വടകര നഗരസഭയിൽ നിന്നുള്ള  80കാരൻ മരക്കാരാണ് ആദ്യ ദിനത്തിൽ പരീക്ഷയെഴുതിയവരിലെ പ്രായം കൂടിയ പഠിതാവ്.  നവംബർ 14 വരെയുള്ള വിവിധ  ദിവസങ്ങളിലായി എല്ലാ പഠിതാക്കളും പരീക്ഷ പൂർത്തീകരിക്കും.  ജില്ലയിൽ 1,199 പഠിതാക്കളാണ് മികവുത്സവത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്.  

എഴുത്ത്, വായന, കണക്കുകൂട്ടൽ എന്നിവയിലുള്ള കഴിവാണ് മികവുത്സവത്തിലൂടെ പരിശോധിക്കുക.  100ൽ 30 മാർക്ക് നേടിടുന്നവർക്ക് നാലാം തരം തുല്യത പഠനത്തിന് രജിസ്റ്റർ ചെയ്യാം.
മികവുത്സവ വിജയികൾക്ക് ഡിസംബർ 10 ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്ന് സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ പി.പ്രശാന്ത് കുമാർ അറിയിച്ചു.  

 ഉദ്ഘാടന സമ്മേളനത്തിൽ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ കുമാർ, സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ പി.പ്രശാന്ത് കുമാർ, സാക്ഷരത പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു.

date